ഇന്ദ്രൻസിന്റെ പത്താം ക്ലാസ് പാസാകുകയെന്ന മോഹം വൈകും

കോമഡി വേഷങ്ങൾ മാത്രമല്ല ഏതു സീരിയസ് റോളും തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച താരമാണ് ഇന്ദ്രൻസ്. ദേശീയ അവാർഡ് നേടിയ ഇന്ദ്രൻസ് കരിയറിലെ ഉയർന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവിത പ്രാരാബ്ദങ്ങളാൽ തനിക്ക് നേടാൻ സാധിക്കാത്ത പോയ ഒരു കാര്യം നേടിയെടുക്കുവാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം.

നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ച നടൻ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യതാ ക്ലാസിന് ചേരാൻ തീരുമാനിച്ച വിവരം ദിവസങ്ങൾ മുൻപാണ് പങ്കുവെച്ചത്. വിദ്യാഭ്യാസം ഇല്ലെന്ന കാരണത്താൽ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുകയായിരുന്നുവെന്നും ആ പേടി മാറ്റാൻ കൂടിയാണ് ഇപ്പോൾ തുല്യതാ പഠനത്തിന് ചേരുന്നതെന്നും താരം പറഞ്ഞിരുന്നു.

എന്നാൽ പത്താം ക്ലാസ് പാസാകുകയെന്ന നടന്റെ മോഹം അൽപം വൈകിയേക്കും. കാരണം നാലാം ക്ലാസ് പാസായ ഇന്ദ്രൻസിന് സാക്ഷരതാ മിഷന്റെ ബൈലോ പ്രകാരം ഏഴാം ക്ലാസിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കാനാകൂ എന്നാണ് ഇപ്പോൾ അധികൃതർ അറിയിച്ചിരിക്കുന്നത്. എട്ട് മാസമാണ് ഏഴാം ക്ലാസ് തുല്യത പഠനത്തിന്റെ കാലയളവ്. ജനവരി ആദ്യ ആഴ്ചയിലായിരിക്കും ക്ലാസ് തുടങ്ങിയേക്കുക.

സ്‌കൂളിൽ പോകുവാനായി വസ്ത്രങ്ങളും പുസ്തകവും ഇല്ലാത്ത അവസ്ഥ വന്നപ്പോഴാണ് സ്‌കൂൾ വിദ്യാഭ്യാസം നിർത്തി തയ്യൽ ജോലിയിലേക്ക് താൻ തിരഞ്ഞതെന്ന് ഇന്ദ്രൻസ് പറഞ്ഞിട്ടുണ്ട്. എന്നാൽ വായനാശീലം ജീവിതത്തിലുടനീളം തുടർന്നു. അതുകൊണ്ട് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതും അത് വലിയ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കി എന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു.