പിഞ്ചുകുഞ്ഞ് വാഹനത്തില്‍ നിന്നും താഴെ വീണു, മാതാപിതാക്കള്‍ അറിഞ്ഞത് 50 കിലോമീറ്റര്‍ പിന്നിട്ടശേഷം

മൂന്നാര്‍ രാജമലയില്‍ യാത്രക്കിടെ വാഹനത്തില്‍ നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസ്സുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്. ജീപ്പില്‍ യാത്രചെയ്യുകയായിരുന്നു കുടുംബം.

രാജമല ചെക്‌പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴാകണം അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡില്‍ വീണുപോയതെന്നാണ് കരുതുന്നത്. പഴനിയില്‍ പോയി മടങ്ങി വരുന്ന വഴിയാണ് സംഭവം. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡില്‍ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും അറിഞ്ഞില്ലെന്നാണ് വിവരം.

ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട ഒന്നര വയസ്സുള്ള കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയില്‍ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

കമ്പിളിക്കണ്ടത്തെ വീടിനടുത്ത് എത്താറായപ്പോഴാണ് കുഞ്ഞ് വാഹനത്തിൽ ഇല്ലെന്ന വിവരം അച്ഛനും അമ്മയും അറിയുന്നത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. കമ്പിളിക്കണ്ടം സ്വദേശി സതീശും കുടുംബാംഗങ്ങളും ഒന്നിച്ചാണ് യാത്ര ചെയ്തിരുന്നത്. വാഹനത്തിന് പുറകിലെ സീറ്റിൽ അമ്മയുടെ മടിയിലായിരുന്നു കുഞ്ഞ് ഇരുന്നിരുന്നത്.

രാജമലയിലെ ചെക്പോസ്റ്റിലേക്ക് കയറിപ്പോകുന്ന ഭാഗത്ത് വളവ് തിരിയുമ്പോൾ മയക്കത്തിലായിരുന്ന അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞ് ഊര്‍ന്ന് താഴെ പോയിരിക്കാം എന്നാണ് കരുതുന്നത്. വന്യമൃഗങ്ങളൊക്കെ ഉള്ള പ്രദേശത്തുനിന്ന് കുഞ്ഞിനെ പരിക്കുകളില്ലാതെ രക്ഷിക്കാനായതിന്‍റെ ആശ്വസത്തിലാണ് എല്ലാവരും