സ്‌കൂള്‍ മീറ്റിനിടെ തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് മത്സരത്തിനിടെ ഹാമര്‍ തലയില്‍ പതിച്ച്‌ പരുക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണ്‍ (16) മരിച്ചു.

ഒക്ടോബര്‍ നാലിനാണ് അപകടം നടന്നത്. ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ക്കിടെയായിരുന്നു അപകടം. മൈതാനത്ത് ഒരേ സമയം മത്സരം നടന്നതാണ് അപകടത്തിന് കാരണമായത്. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയും അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയും ഒരേസമയം നടന്നു. ജാവലിന്‍ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തിക്കുന്ന ചുമതലയായിരുന്നു വളന്റിയര്‍ ആയ അഫീലിന്. ഫിനിഷ് ചെയ്ത ജാവലിന്‍ എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി പറന്നെത്തിയ ഹാമര്‍ അഫീലിന്റെ തലയില്‍ പതിക്കുകയായിരുന്നു.
ഹാമര്‍ കണ്ട് അഫീല്‍ നിലത്ത് ഇരുന്നെങ്കിലും തലയില്‍ പതിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഹാമര്‍ ത്രോ ഏരിയയില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മത്സരാര്‍ഥിക്ക് ഹാമര്‍ പായിക്കാന്‍ അനുമതി നല്‍കിയതെന്നാണ് ഒഫീഷ്യല്‍സ് അപകടത്തിന് ശേഷം പറഞ്ഞത്. എന്നാല്‍, മൈതാനത്ത് പതിച്ച ജാവലിന്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഹാമര്‍ പറന്നെത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.