തിരിച്ചുവരണം, അമ്മയെ കാണണം; ഐസിസില്‍ ചേര്‍ന്ന നിമിഷയുടെ വീഡിയോ പുറത്ത്

ഐഎസില്‍ ചേരാന്‍ സ്വന്തം മതം ഉപേക്ഷിച്ച മലയാളി പെണ്‍കുട്ടി നിമിഷ അടക്കമുള്ളവരുടെ വീഡിയോ ദേശീയ മാധ്യമം പുറത്തുവിട്ടു. നാട്ടിലേക്ക് തിരികെ എത്തണമെന്ന് ആഗ്രഹമാണ് നിമിഷ ഫാത്തിമ പ്രകടിപ്പിച്ചിരിക്കുന്നത്. അമ്മയെ കാണാന്‍ ആഗ്രഹമുണ്ടെന്നും തിരിച്ചു വരണമെന്നും നിമിഷ പറയുന്നു. വീഡിയോയില്‍ ഉള്ളത് തന്റെ മകള്‍ നിമിഷ തന്നെയാണെന്ന് നിമിഷയുടെ അമ്മ ബിന്ദു സ്ഥിരീകരിച്ചു. തന്റെ മകളെ തിരികെ എത്തിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ബിന്ദു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

‘എന്റെ ചിന്നുക്കുട്ടി തന്നെയാണ്. നാല് വര്‍ഷത്തിന് ശേഷം ഇന്നാണ് ഞാന്‍ അവളെ കാണുന്നതും അവളുടെ സ്വരം കേള്‍ക്കുന്നതും. അതില്‍ എനിക്ക് ഭയങ്കര സന്തോഷവും സമാധാനവും ഉണ്ട്. ദൈവത്തോട് നന്ദിയും ഉണ്ട്. കേന്ദ്ര സര്‍ക്കാരിനല്ലാതെ മറ്റൊരാള്‍ക്കും ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു അമ്മയുടെ അഭ്യര്‍ത്ഥന കേള്‍ക്കണം. ഞാന്‍ കാലു പിടിക്കുകയാണ്. എന്റെ കുഞ്ഞിനെ നാട്ടില്‍ കാലു കുത്തിക്കാന്‍ കനിവുണ്ടാകണം.’ ബിന്ദു പറഞ്ഞു.

നിമിഷക്ക് സ്വന്തം വീട്ടിലേക്കും പഴയ ജീവിതത്തിലേക്കും മടങ്ങി വരാൻ പറ്റുമോ? സാധ്യത കുറവെന്നാണ്‌ നയ തന്ത്ര വിദഗ്ദർ പറയുന്നത്. കാരണം അഫ്ഗാനിൽ നിന്നും യമൻ, സിറിയ എന്നിവിടങ്ങളിൽ നിന്നും ജിഹാദിനു പോയ ഇന്ത്യക്കാർ മുമ്പും കേണപേക്ഷിച്ചിട്ടും അവരെ ഇന്ത്യയിൽ കയറ്റിയില്ലായിരുന്നു. അങ്ങിനെ ഇരിക്കെ നിമിഷക്ക് മാത്രമായി ഒന്നും ചെയ്യാൻ സാധ്യത ഇല്ല. മാത്രമല്ല ജീവനോട് പിടികൂടിയ പലരേയും ഇന്ത്യക്ക് കൈമാറാൻ തുടങ്ങിയപ്പോഴും ഏറ്റെടുക്കാൻ ഇന്ത്യ തയ്യാറായില്ല. ജിഹാദിനു പോകുന്നവരുടെ പൗരത്വം ഇന്ത്യ റദ്ദ് ചെയ്യുകയാണ്‌. ഇതേ നയമാണ്‌ അമേരിക്കയും, പാശ്ചാത്യ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും സ്വീകരിക്കുന്നതും

അഫ്ഗാനിസ്ഥാനിലെ നങ്ഗർഹർ പ്രവിശ്യയിൽ കീഴടങ്ങിയ ഇന്ത്യക്കാരിൽ മലയാളികളായ നിമിഷ ഫാത്തിമയും ഭർത്താവ് ബെക്സിൻ വിൻസന്‍റ് എന്ന ഈസയും കൊച്ചുമകളുമുണ്ടെന്ന് നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത് മുമ്പ് തന്നെ പറഞ്ഞിരുന്നു. സുരക്ഷാ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലാണ് നിമിഷയടക്കമുള്ളവർ ഉള്ളതെന്നാണ് ബിന്ദു പറഞിരുന്നത്. കേന്ദ്രസർക്കാരിൽ നിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും കിട്ടിയിട്ടില്ലെന്നും, എന്നാൽ എൻഐഎ അയച്ചു തന്ന ചില ചിത്രങ്ങളിൽ തന്‍റെ മകളുടെ ഭർത്താവിനെയും കൊച്ചുമകളെയും കണ്ടതായും ബിന്ദു സമ്പത്ത് വ്യക്തമാക്കിയിരുന്നു.

നങ്ഗർഹറിൽ ഇത്രയധികം പേർ ഒന്നിച്ച് കീഴടങ്ങിയെന്ന വിവരം വന്നതിന് പിന്നാലെയാണ് എൻഐഎ ചില ചിത്രങ്ങൾ അയച്ചു തന്നതെന്ന് ബിന്ദു പറയുന്നു. ഇതിൽ തന്‍റെ മരുമകനെ കാണാമായിരുന്നു. കൊച്ചുമകൾ ഒരു സ്ത്രീയുടെ മടിയിൽ ഇരിക്കുന്നതും കാണുന്നുണ്ട്. എല്ലാ സ്ത്രീകളും തലയിലൂടെ മുഖാവരണം ധരിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് മുഖം വ്യക്തമല്ല. പക്ഷേ, എന്‍റെ കൊച്ചുമകൾ ഇരിക്കുന്നുണ്ടെങ്കിൽ അത് മകളുടെ മടിയിൽത്തന്നെയായിരിക്കുമല്ലോ, അതുകൊണ്ടാണ് ഇത് മകളാണെന്ന് പറയുന്നത്. മരുമകൻ ബെക്സിന്‍റേതായി കണ്ട ചിത്രങ്ങൾ പാലക്കാട് യാക്കരയിലുള്ള ബെക്സിന്‍റെ അമ്മ ഗ്രേസിക്ക് അയച്ചുകൊടുത്തെന്നും അവരും അത് സ്വന്തം മകൻ തന്നെയാണെന്ന് സ്ഥിരീകരിച്ചെന്നും ബിന്ദു പറഞ്ഞു.

ഐസിസ് ഉപേക്ഷിച്ച് മടങ്ങിയെത്തണമെന്നും ഇന്ത്യയാണ് തന്റെ നാടെന്നും നിമിഷ വീഡിയോയില്‍ പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ തുടരണം എന്നില്ലെന്നും ഇന്ത്യയാണ് തന്റെ നാടെന്നും അവര്‍ പറഞ്ഞു. അഫ്ഗാന്‍ സേന നടത്തിയ ചോദ്യം ചെയ്യലിന്റെ വീഡിയോആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിമിഷയുടെ ഭര്‍ത്താവ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്ന വിവരവും വീഡിയോയിലൂടെ പുറത്ത് വന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ കാബൂളിലുള്ള ജയിലില്‍ വച്ച് ചിത്രീകരിച്ച വീഡിയോ ആണിതെന്ന വിവരമാണ് ലഭിക്കുന്നത്.