കേരളത്തിൽ ഇസ്ലാമിക ഭീകര പ്രവര്‍ത്തനം അതിഭീകരതയിൽ എത്തി – വിശ്വഹിന്ദു പരിഷത്ത്.

 

കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജിഹാദി സംഘടനകളെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കേരളത്തിൽ എസ്ഡിപിഐ – പോപ്പുലര്‍ഫ്രണ്ട് ഭീകരതക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിനെ വിശ്വഹിന്ദു പരിഷത്ത് സമീപിച്ചിരിക്കുന്നത്. 1921ല്‍ ആരംഭിച്ച കേരളത്തിലെ ഇസ്ലാമിക ഭീകര പ്രവര്‍ത്തനം നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ അതിഭീകരതയിൽ എത്തിയിരിക്കുകയാണ്.

വോട്ടിനും സ്വാര്‍ത്ഥ ലാഭത്തിനും വേണ്ടി ഭീകരതയെക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത മുന്നണി രാഷ്ട്രീയമാണ് കേരളത്തിന് ശാപമായിരിക്കുന്നത്. സമീപ രാജ്യമായ ശ്രീലങ്കയില്‍ 2019 ഏപ്രില്‍ 21 ന് മുന്നൂറോളം പേരെ കൊന്നൊടുക്കുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്ഫോടനം കേരളത്തിനുള്ള ഒരു മുന്നറിയിപ്പായിരുന്നു.

ശ്രീലങ്കയിലെ സ്ഫോടനത്തിനു നേതൃത്വം നല്‍കിയ സഹറാന്‍ ഹാഷിം എന്നഭീകരന് പരിശീലനം ലഭിച്ചത് കേരളത്തിലും തമിഴ് നാട്ടിലുമാണെന്ന വിവരം പുറത്തുവിട്ടത് ശ്രീലങ്കയിലെ കരസേനാ മേധാവിയായിരുന്ന ലഫ്. ജനറല്‍ മഹേഷ് സേനാനായകെ ആയിരുന്നു. ബിബിസിക്ക് നല്‍കിയിരുന്ന അഭിമുഖത്തിലായിരുന്നു ഇക്കാര്യം അദ്ദേഹം ലോകത്തോട് പറയുന്നത്. സഹറാന്‍ ഹാഷിമിന്റെ സുഹൃത്തുക്കളെപ്പറ്റി അന്വേഷണം ചെന്നെത്തിയത് പാലക്കാട് സ്വദേശിയായ റിയാസ് അബുബക്കര്‍, കാസര്‍കോട് സ്വദേശികളായ മുഹമ്മദ് അറാഫത്ത്, അബൂബക്കര്‍ സിദ്ധിക്കി, കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസല്‍ എന്നിവരിലാണ് എന്നത് കേരളത്തിലെ ജിഹാദി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ അന്താരാഷ്ട്ര ബന്ധമാണ് ചൂണ്ടിക്കാട്ടുന്നത്.

ഒരു കാലത്ത് ഇസ്ലാമിക ഭീകരരുടെ തട്ടകമായിരുന്ന കശ്മീര്‍ ഇന്ന് സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങി വന്നിരിക്കുമ്പോൾ ഭാരതത്തിന്റെ തെക്കേ അറ്റത്തെ തന്ത്രപ്രധാനമായ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി അതിഗുരുതരമായി മാറുന്നു. 2014 മുതല്‍ മലയാളി യുവതീ യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎസ്, അല്‍ഖ്വയ്ദ എന്നി തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നുമാത്രമായി പതിനഞ്ചു പേരെ സിറിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കഴിഞ്ഞ ദിവസം കേരളത്തിലെ എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നു. ലൗ ജിഹാദിന്റെ മറവില്‍ ഹൈന്ദവ ക്രൈസ്തവ യുവതികളെ വിവാഹം കഴിച്ച ശേഷം അവരെയും സിറിയ ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ രാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി ചാവേറുകളാക്കുന്നു.

2017 ല്‍ അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തില്‍ രക്ഷപ്പെട്ട മലയാളി തീവ്രവാദികളായ സജ്ജാദ്, റാഷിദ് എന്നിവരുടെ ശബ്ദ സന്ദേശങ്ങളില്‍ അവര്‍ കേരളത്തില്‍ നടത്താന്‍ ഉദ്ദേശിച്ച ആക്രമണങ്ങളെപ്പറ്റിയുള്ള സൂചനകള്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചു കയറ്റാനും ഹിന്ദു ഉത്സവങ്ങള്‍ക്കിടയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഇടിച്ചു കയറ്റാനും അവര്‍ ആഹ്വാനം ചെയ്തത് ഞെട്ടലോടുകൂടിയാണ് കേട്ടത്.

ഇത്തരം ആഹ്വാനങ്ങളെപ്പറ്റി അന്വേഷിക്കാനോ നടപടികള്‍ കൈക്കൊള്ളുവാനോ കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസ് സംവിധാനവും ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിലെ എല്ലാ രാഷ്ട്രീയ-പരിസ്ഥിതി സംഘടനകളിലും ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കടന്നു കയറിയിട്ടുണ്ട് എന്ന കാര്യം എന്‍ഐഎ കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും യാതൊരു നടപടിയും ഇക്കാര്യത്തിലും കൈക്കൊണ്ടിട്ടില്ല. കേരളത്തിലെ സാമ്പത്തിക മേഖലയില്‍ സമാന്തര ശക്തിയായി ഇത്തരം തീവ്രവാദി ശക്തികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ആഹാരം, വസ്ത്രം തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ഇവരുടെ കടന്നു കയറ്റം പ്രബലമാണ്. കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ അടിവേരുകള്‍ പാകിസ്ഥാനിലാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരുണ്‍ കുമാര്‍ സിന്‍ഹ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചിരുന്നു. ഇന്ന് കാശ്മീര്‍ കഴിഞ്ഞാല്‍ ഇസ്ലാമിക ഭീകരതയ്ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളം മാറിയിരിക്കുന്നു എന്നു പറഞ്ഞത് രാഷ്ട്രീയ സ്വയം സേവക സംഘമോ വിശ്വഹിന്ദു പരിഷത്തോ അല്ല. പാകിസ്ഥാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്ലിക്റ്റ്സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് (ഐസിഎഎസ്എസ്) എന്ന സ്ഥാപനത്തിന്റെ മേധാവി അബ്ദുള്ള ഖാന്‍ ആണ് എന്നത് കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കി തരുന്നു.

വിലായത്ത് -ഇ-ഹിന്ദ് എന്ന ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണ സംഘടനയുടെ പ്രവര്‍ത്തനം കേരളത്തിലും ആരംഭിച്ചതായി സൂചനകള്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുണ്ട്. കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് സേനയില്‍ നിന്നും ചോരുന്ന കാര്യം ഇന്ന് പരസ്യമാണ്. പച്ച വെളിച്ചം എന്ന പേരില്‍ പോലീസ് സേനയില്‍ തീവ്രവാദി ശക്തികള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുകയും തീവ്രവാദ ശക്തികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു.

കേരളത്തിലെ ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് വര്‍ഷങ്ങളായി ഹൈന്ദവ പ്രസ്ഥാനങ്ങള്‍ ആവര്‍ത്തിച്ചപ്പോഴും അതംഗീകരിക്കാന്‍ കേരളത്തിലെ ഇടതുവലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറായില്ല. അഖില, അപര്‍ണ, അനുജ, നിമിഷ തുടങ്ങി നിരവധി ഹിന്ദു യുവതികള്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ ഇരകളായി നരകയാതന അനുഭവിക്കുന്നു. ചേകന്നൂര്‍ മൗവലിയുടെ ഇന്നും തെളിയാത്ത കൊലപാതകം, പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടല്‍, മലപ്പുറം ജില്ലയിലെ തീയേറ്റര്‍ ഷാപ്പ് കത്തിക്കലുകള്‍, കടലുണ്ടി കൂമന്‍കല്ല് പാലത്തിനടിയില്‍ നിന്നും കണ്ടെത്തിയ 100 പൈപ്പ് ബോംബുകള്‍, വാഗമണ്‍ സിമി ക്യാമ്പ്, മാറാട് കലാപം തുടങ്ങി നിരവധിയായ ജിഹാദി പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്‍ പാലക്കാട്ടെ ശ്രീനിവാസന്‍ കൊലപാതകങ്ങളിലും ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം വിളിയിലും വരെ എത്തി നില്‍ക്കുന്നു എന്നത് അതി ഭീകരമാണ്.

ഈ സംഘടനകള്‍ തീവ്രവാദി സംഘടനകള്‍ തന്നെയാണെന്ന് കേരളത്തിലെ മുതിര്‍ന്ന മന്ത്രിയായ എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞത് ഒരാഴ്ച മുന്‍പുമാത്രമാണ്. മേല്‍ വിവരിച്ചതിലും അതി ഭീകരവും അതി നിഗൂഢവുമാണ് കേരളത്തിലെ ജിഹാദി തീവ്രവാദികളുടെ പ്രവര്‍ത്തനം. ലോകം മുഴുവന്‍ തിരിച്ചറിഞ്ഞ ഇസ്ലാമികഭീകരത യുടെ നീരാളിപ്പിടുത്തം ഇനിയും തിരിച്ചറിയാത്ത, അതിനെതിരെ പ്രതികരിക്കാത്ത മലയാളി പൊതുസമൂഹവും കേരള സര്‍ക്കാരും ഇക്കാര്യങ്ങളെപ്പറ്റി ജാഗ്രതയും അന്വേഷണവും നടത്തണമെന്നും ഇത്തരം തീവവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ, എസ്ഡിപിഐ എന്നീ സംഘടനകളെ നിരോധിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണ മെന്നും വിശ്വഹിന്ദു പരിഷത്ത് കേരളഘടകം സംസ്ഥാന സര്‍ക്കാരിനോട് ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.