കലാഭവൻ മണി ഓർമ്മയായിട്ട് ഏഴ് വർഷം

തിരുവനന്തപുരം. മലയാളികൾ നെഞ്ചോട് ചേർത്ത പ്രിയപെട്ട താരം കലാഭവൻ മണി ഓർമ്മയായിട്ട് മാർച്ച് 6 ന് 7വർഷം തികഞ്ഞു. നടനായും ഗായകനായും തിളങ്ങി ഓരോ പ്രേക്ഷക മനസ്സുകളിലും താരമായി മാറിയിട്ടും താരപരിവേഷമില്ലാത്ത ഒരു നാട്ടിൻ പുറക്കാരനായി തികച്ചും സാധാരണക്കാരനായി നമുക്കൊപ്പം ജീവിച്ച് മിന്നി തിളങ്ങി മടങ്ങുകയായിരുന്നു മണി. മണിയുടെ അസാന്നിധ്യത്തിൽ പോലും ആ പ്രതിഭയുടെ ഓർമ്മകൾ ഇന്നും ചാലക്കുടിയിൽ നിറഞ്ഞു നിൽക്കുകയാണ്.

ഒരു ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടി മണി സിനിമയിലെത്തിപെടുകയായിരുന്നു. ആദ്യമൊക്കെ പ്രേക്ഷകരെ ചിരിപ്പിച്ചു, ജീവിതാനുഭങ്ങളിലൂടെ ചിന്തിപ്പിച്ചതും ഹാസ്യതാര കുപ്പായമിട്ട കലാഭവൻ മണി പിന്നീട് നായകനായും വില്ലനായും ബിഗ് സ്ക്രീനിൽ നിറഞ്ഞുനിൽക്കുമ്പോ ഴായിരുന്നു വിയോഗം.

കൊച്ചിൻ കലാഭവന്റെ മിമിക്‌സ് ടീമിലൂടെ സിനിമയിലെത്തുന്ന മണി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം തകർത്തഭിനയിച്ച് കൈയ്യടി വാങ്ങി ഇതര ഭാഷകളിലും തുടർന്ന് ശ്രദ്ധേയനാവുകയായിരുന്നു. സിനിമയിൽ നിന്നുള്ള ഇടവേളകളിൽ സ്റ്റേജുകളിൽ നിറഞ്ഞു നിന്ന മണി, നാടൻ പാട്ടിന്റെ അമരക്കാരനായി മലയാള മണ്ണിന് ഒരിക്കലും മാറ്റിവെക്കാനാവാത്ത സ്ഥാനം നേടിയെടുക്കുകയുണ്ടായി.അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറും സല്ലാപത്തിലെ കഥാപാത്രവും മണിയെ ശ്രദ്ധേയനാക്കുമ്പോഴും, അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവായിരുന്നു.

സിനിമയിലും കലാരംഗത്തും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവൻ മണി പ്രിയപെട്ടവരെയെല്ലാം കണ്ണീരിലാ ഴ്ത്തി മടങ്ങുന്നത്. 45 വയസിലായിരുന്നു അന്ത്യം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു മടക്കം.