കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ചൊറിച്ചില്‍, കുത്തിവെപ്പെടുത്ത യുവതി മരിച്ചു

കുറ്റിപ്പുറം: കോവിഡ് വാക്‌സിന്‍ എടുത്ത ശേഷം അനുഭവപ്പെട്ട അലര്‍ജിയെ തുടര്‍ന്ന് കുത്തിവെപ്പ് എടുത്ത യുവതി മരിച്ചു. കുറ്റിപ്പുറെ തെക്കേ അങ്ങാടി കാങ്കപ്പുഴ കടവ് സ്വദേശി അസ്‌നയാണ് മരിച്ചത്. 27 വയസായിരുന്നു. ബുധനാഴ്ച കുറ്റിപ്പുറം വ്യാപാരഭവനില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ വെച്ചാണ് യുവതി വാക്‌സിന്‍ സ്വീകരിച്ചത്. അടുത്ത ദിവസം വ്യാഴാഴ്ച യുവതിക്ക് ദേഹാസ്വാസ്യം അനുഭവപ്പെട്ടു. മാത്രമല്ല യുവതിയുടെ ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെട്ടു. ഇതോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി.

ഈ സമയം ഒപിയില്‍ ഉണ്ടായിരുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം അലര്‍ജിക്കുള്ള രണ്ട് ഡോസ് ഇന്‍ജക്ഷന്‍ എടുത്തു. ഇതിന് ശേഷം പത്ത് മിനിറ്റിന് പിന്നാലെ അസ്‌ന ബോധരഹിതയാവുകയായിരുന്നു. ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം ആംബുലന്‍സില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ വെന്റിലേറ്ററിന്റെ അഭാവം കാരണം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വെള്ളിയാഴ് മെച്ചപ്പെട്ട ചികിത്സ നല്‍കാനായി അസ്‌നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യ നില ഗുരുതരമായി. തുടര്‍ന്ന് തൃശൂരില്‍ ചികിത്സ തേടി. ശനിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.