പാര്‍വ്വതിക്ക് 51-ാം ജന്മദിനം, ആശംസകളുമായി ജയറാമും മക്കളും

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. താരത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. നടി പാര്‍വ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത് കുടുംബിനിയായി കഴിയുകയാണ് നടി. മകന്‍ കാളിദാസ് ജയറാം മലയാളത്തിലും തമിഴിലും തിരക്കുള്ള നടനായി മാറി കഴിഞ്ഞു. മകള്‍ മാളവികയും ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

നീണ്ട പ്രണയത്തിനു ശേഷം 1992 സെപ്റ്റംബര്‍ 7നാണ് ജയറാം പാര്‍വ്വതിയെ വിവാഹം കഴിക്കുന്നത്. ചെന്നൈയിലാണ് സ്ഥിര താമസം. ഇന്ന് പാർവതിയുടെ അമ്പത്തിയൊന്നാം ജന്മദിനമാണ്. ആശംസകളുമായി ജയറാമും കാളിദാസനും മാളവികയും ആരാധകരും രം​ഗത്തെത്തി.

പ്രിയപ്പെട്ട അച്ചൂട്ടിക്ക് എന്നു ജയറാം കുറിച്ചപ്പോള്‍, സ്നേഹം, കരുണ, ഗ്രേസ് എന്നിവ നിറഞ്ഞ ഒരു സ്ത്രീക്ക് എന്നാണ് കാളിദാസ് അമ്മയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് പറഞ്ഞത്. അമ്മയോടൊത്തുള്ള ഒരു കുട്ടിക്കാലചിത്രവും കാളിദാസ് പങ്കുവച്ചിട്ടുണ്ട്. ദിവസം കൂടും തോറും പ്രായം കുറഞ്ഞു വരുന്ന എന്‍റെ രാജ്ഞിക്ക് എന്നാണ് മകള്‍ മാളവിക കുറിച്ചത്. നിങ്ങളോടുള്ള സ്നേഹം വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലെന്നും മാളവിക കൂട്ടിച്ചേര്‍ക്കുന്നു.