ഇസ്രയേലില്‍ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; യുവതിയെ കൊണ്ടുപോയത് ഈജിപ്തിലും; പ്രതി കുടുങ്ങി

ചാലക്കുടി: യുവതിക്ക് ഇസ്രയേലില്‍ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് പറളി സ്വദേശി മടമ്പത്ത് വീട്ടില്‍ പൃഥ്വിരാജിനെ (48) എസ്.എച്ച്.ഒ. ബി.കെ അരുണ്‍ ആണ് അറസ്റ്റ് ചെയ്തത്. സമാനകേസില്‍ ആലുവ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.

ഇസ്രയേലിലേക്കെന്ന് പറഞ്ഞ്,യുവതിയെ പ്രതി വിസിറ്റിങ് വിസയില്‍ ഈജിപ്തിലും ജോര്‍ദാനിലും കൊണ്ടുപോയി. പിന്നീട് ഡല്‍ഹിയില്‍ ഇറക്കിവിട്ട് പ്രതി മുങ്ങുകയായിരുന്നു. ഇസ്രയേലില്‍ ജോലി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയിൽ നിന്ന് പണം തട്ടിയത്.

പൃഥ്വിരാജിന്റെ പേരില്‍ അങ്കമാലി, ചാലക്കുടി, നെടുമ്പാശ്ശേരി, ഇടുക്കി, കുറുപ്പംപടി എന്നീ സ്റ്റേഷനുകളില്‍ തട്ടിപ്പുകേസുകളും മനുഷ്യക്കടത്തുകേസുകളും നിലവിലുണ്ട്. ഇതൊന്നും അറിയാതെ യുവതി ഇയാളുടെ ചതിക്കുഴിയിൽ വീഴുകയായിരുന്നു.