ഒരു നാടിനെ പത്തൊന്‍പതാം നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോകുകയാണ് ഇവിടുത്തെ കെഎസ്ഇബി, ജോമോള്‍ ജോസഫ് പറയുന്നു

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്. പലപ്പോഴും ജോമോള്‍ പങ്കുവെയ്ക്കുന്ന കുരിപ്പുകളും മറ്റും ഏറെ ശ്രദ്ധേയമായി മാറാറുണ്ട്. ഇപ്പോള്‍ ജോമോള്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പും ശ്രദ്ധേയമായിരിക്കുകയാണ്. കെഎസ്ഇബിക്ക് എതിരെയാണ് ഇക്കുറി ജോമോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ജോമോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം, ഒരു നാടിനെ പത്തൊന്‍പതാം നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോകുകയാണ് ഇവിടത്തെ KSEB. ഞങ്ങള്‍ ജീവിക്കുന്നത് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് എന്ന ഗ്രാമത്തിലാണ്. KSEB യുടെ ചക്കിട്ടപാറ സെക്ഷന് കീഴിലാണ് ഈ പ്രദേശം. ഞങ്ങള്‍ ഇവിടേക്ക് തിരികെ വന്ന് സ്ഥിര താമസമാക്കിയിട്ട് 2 വര്‍ഷം ആകുന്നു. ഈ രണ്ടു വര്‍ഷ കാലത്തിനിടയില്‍ മൂന്നിലൊന്ന് ദിവസം പോലും തടസ്സം കൂടാതെ വൈദ്യുതി ലഭിച്ചിട്ടില്ല. ലക്ഷക്കണക്കിന് രൂപ മുടക്കി ലൈന്‍ അറ്റകുറ്റപണികള്‍ നടത്തുകയും പോസ്റ്റുകള്‍ മാറ്റുകയും ചെയ്തിട്ട് ഒരു വര്‍ഷം പോലും ആയിട്ടില്ല എന്നതാണ് രസകരം.

ഇന്ന് ഉച്ചക്ക് 12 മണി ആയപ്പോള്‍ പോയ കറന്റ് ഈ പോസ്റ്റ് എഴുമ്പോളും വന്നിട്ടില്ല. കഴിഞ്ഞ ദിവസം ട്രാന്‍സ്ഫോര്‍മര്‍ മെയിന്റനന്‍സ് എന്ന് പറഞ്ഞു രാവിലെ 10 മണിക്ക് ലൈന്‍ ഓഫ് ആക്കിയിട്ട് അന്ന് കറന്റ് വന്നത് വൈകീട്ട് 6 മണിക്ക് ശേഷമാണ്. മിക്ക ദിവസവും ഇത് തന്നെയാണ് അവസ്ഥ.. സന്ധ്യക്കോ രാത്രിയോ കറന്റ് പോയാല്‍ പിന്നെ പിറ്റേന്ന് രാവിലെ പത്തു മണിക്ക് വന്നാല്‍ വന്നു എന്നതാണ് അവസ്ഥ. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല.. ഒരു നാടിന്റെ അടിസ്ഥാന വികസനത്തിന് ഏറ്റവും ആവശ്യമായത് നല്ല റോഡുകളും തടസ്സമില്ലാത്ത വൈദ്യതിയും ആണ്. ഈ നാട്ടിലെ കടകളില്‍ ഒന്നു ചോദിച്ചാല്‍ അറിയാം കറന്റ് ഇല്ലാത്തത് കൊണ്ട് അവര്‍ ഫ്രിഡ്ജിലോ ഫ്രീസറിലോ വെക്കുന്ന എത്രമാത്രം സാധനങ്ങള്‍ കേടായി എന്തുമാത്രം നഷ്ടം അവര്‍ക്ക് ഉണ്ടാകുന്നു എന്ന്. ബില്‍ഡിങ് നിര്‍മ്മാണം അടക്കമുള്ള സകല ജോലികളും മെഷീനുകള്‍ ഇല്ലാതെ നടക്കാത്ത സ്ഥിതിയാണ്. ഈ മെഷീനുകള്‍ പ്രവര്‍ത്തിക്കണം എങ്കില്‍ കറന്റ് വേണം. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശമായ ഇവിടുത്തെ ജനങ്ങള്‍ വീട് പണികള്‍ ഒക്കെ ചെയ്യുമ്പോള്‍ മിക്ക ദിവസവും കറന്റ് ഇല്ലാത്തത് കൊണ്ട് തൊഴിലാളികളുടെ ജോലി നടക്കാതെ വരികയും വീട്ടുടമ കൂലി കൊടുക്കേണ്ടി വരികയും ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങളും ഭീമമാണ്. തൊഴില്‍ നഷ്ടം മറുഭാഗത്ത്..

കറന്റ് ഇല്ലാത്തത് കൊണ്ട് ബാര്‍ബര്‍ ഷാപ്പിലെ പണികള്‍ പോലും നടക്കാത്ത അവസ്ഥയാണ് ഇവിടെ. ഈ നാട്ടില്‍ സ്വയം സംരംഭങ്ങളോ മറ്റ് ചെറുകിട വ്യവസായങ്ങളോ എങ്ങനെ പച്ച പിടിക്കും? ജനങ്ങളുടെ ദൈനംദിന ജീവിതം പോലും കുളമാക്കുകയാണ് KSEB, പിന്നെയാണ് ചെറുകിട വ്യവസായങ്ങളും സ്വയം സംരംഭങ്ങളും.. ജനങ്ങളെ ഇത്രയും ആഴത്തില്‍ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ട് കൂടി, ഈ നാട്ടിലെ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതൊരു പരിഗണനാ വിഷയമേ അല്ല. ജന പ്രതിനിധികള്‍ക്കോ ഗ്രാമപഞ്ചായത്തിനോ ബ്ലോക്ക് പഞ്ചായത്തിനോ MLA ക്കോ പോലും ഇതൊരു പ്രശ്‌നമായി തോന്നിയിട്ടേയില്ല. എന്തിന് ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് പോലും കറന്റ് ഇല്ല എങ്കില്‍ അതൊരു പ്രശ്‌നമാണ് എന്ന് തോന്നിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.. KSEB യിലെ ഉന്നത ഏമ്മാന്മാരും മന്ത്രിയും ഈ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഒക്കെ ഒരു കാര്യം മനസ്സിലാക്കണം, ഒരു സമൂഹത്തെ പത്തൊന്‍പതാം നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോകാനല്ല നിങ്ങള്‍ കൂട്ടായി ശ്രമിക്കേണ്ടത്. തല്‍ക്കാലം ഇത്രയും മാത്രം പറഞ്ഞു നിര്‍ത്തുന്നു..