മനുഷ്യനാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, മിനിമം ബോധം വേണം ചെയ്യുന്ന കാര്യങ്ങളില്‍, ജോമോള്‍ ജോസഫ് പറയുന്നു

പലപ്പോഴും മിണ്ടാപ്രാണികളായ വളര്‍ത്തു മൃഗങ്ങളെ വഴിയരികലും മറ്റുമായി ഉപേക്ഷിക്കുന്ന പല വാര്‍ത്തകളുമെത്തിയിരുന്നു. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു സംഭവമാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ് പറയുന്നത്. കണ്ണുകള്‍ പോലും തുറക്കാനാവാത്ത അഞ്ചു പട്ടിക്കുഞ്ഞുങ്ങളെ റോഡ് സൈഡില്‍ നിന്നും കണ്ടെത്തിയെന്നും, എന്തിനാണ് ഈ ക്രൂരതയെന്നും ജോമോള്‍ ചോദിക്കുന്നു.

ജോമോള്‍ ജോസഫിന്റെ കുറിപ്പ്, എന്തിനാണീ ക്രൂരത ?? കണ്ണുകള്‍ പോലും തുറക്കാത്ത അഞ്ചു പട്ടിക്കുഞ്ഞുങ്ങളെ റോഡ് സൈഡില്‍, മഴയത്ത് ആരോ കൊണ്ടുവന്ന് ഉപേക്ഷിച്ചു പോയതാണ്. അമ്മയുടെ മുലപ്പാല്‍ അല്ലാതെ വേറൊന്നും സ്വന്തമായി കഴിക്കാന്‍ പോലും ആയിട്ടില്ലാത്ത കുഞ്ഞുങ്ങള്‍. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി മുതുകാട് റോഡില്‍ എസ്റ്റേറ്റ്മുക്ക് ഭാഗത്താണ് മഴയത്ത് ഇവരെ ഉപേക്ഷിച്ച നിലയില്‍ കണ്ടു കിട്ടിയത്..

അഞ്ചു കുഞ്ഞുങ്ങളില്‍ രണ്ടു പേരെ സുരേഷേട്ടന്‍ കൊണ്ടുപോയി. ഒന്നിനെ ജെമ്മന്‍ ചേട്ടനും. ഞങ്ങളുടെ നാട്ടുകാരാണ് രണ്ടുപേരും. ബാക്കിയുള്ള രണ്ടു കുഞ്ഞുങ്ങളെ ഞങ്ങളും കൊണ്ടുവന്നു..
ഇവരെ പാല് കൊടുത്ത് വളര്‍ത്തി വലുതാക്കണം. ഇവരെ വളര്‍ത്താന്‍ താല്പര്യമുള്ള ആര്‍ക്കെങ്കിലും ഞങ്ങള്‍ ഇവരെ കൊടുക്കും. പൂര്‍ണ്ണ ആരോഗ്യം വന്നതിന് ശേഷം, സ്വന്തമായി ഭക്ഷണം കഴിക്കാന്‍ ആയ ശേഷം മാത്രമേ ആര്‍ക്കായാലും കൊടുക്കൂ..

ആ കുഞ്ഞുങ്ങള്‍ അവരുടെ അമ്മയുടെ മുലപ്പാല്‍ കുടിച്ച് വളര്‍ന്ന ശേഷം, സ്വന്തമായി ഭക്ഷണം കഴിക്കാന്‍ ആയ ശേഷം ആര്‍ക്കേലും കൊടുത്തിരുന്നേല്‍ അത് മാന്യത ആയേനെ. പകരം പൊരി മഴയത്ത് ഉപേക്ഷിച്ചു പോയത് ആരായാലും, അവരെ തിരിച്ചറിഞ്ഞാല്‍ അവര്‍ക്കുള്ള സമ്മാനം നേരിട്ട് നല്‍കുന്നതാണ്. പെണ്‍പട്ടികളെ വളര്‍ത്തുന്നവര്‍, പട്ടി പ്രസവിക്കുന്നത് വളര്‍ത്തുന്നവര്‍ക്ക് ഇഷ്ടമല്ല എങ്കില്‍, അതിനെ സര്‍ക്കാര്‍ വെറ്റിനറി ഹോസ്പിറ്റലില്‍ കൊണ്ടുപോയി സ്റ്റെറിലൈസ് ചെയ്യുകയാണ് വേണ്ടത്. അല്ലാതെ കണ്ണുകള്‍ പോലും തുറക്കാത്ത കുഞ്ഞുങ്ങളെ മഴയത്ത് ഉപേക്ഷിച്ച് കൊല്ലാന്‍ നോക്കുകയല്ല വേണ്ടത്.

സ്വന്തമായി ഭക്ഷണം കഴിക്കാന്‍ ആയ കുഞ്ഞുങ്ങളെ പോലും വഴിയില്‍ കൊണ്ട് തള്ളരുത്. നാളെ അവ വളര്‍ന്നു വലുതായി മനുഷ്യര്‍ക്കും കുട്ടികള്‍ക്കും മറ്റു വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയായ തെരുവ് പട്ടികളും തെരുവ് പൂച്ചകളും ആയി മാറും. പേ വിഷബാധ പകരുന്നതിനും ഒക്കെ ഇങ്ങനെ വളരുന്ന തെരുവ് പട്ടികള്‍ കാരണമാകും. ഇത് ജീവികളോടുള്ള ക്രൂരത മാത്രമല്ല, സമൂഹത്തിനെതിരായ പ്രവര്‍ത്തിയും കൂടെയാണ്. മനുഷ്യനാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, മിനിമം ബോധം വേണം ചെയ്യുന്ന കാര്യങ്ങളില്‍..