ചാവേർ യാഥാർത്ഥ്യമാകുന്നു, അതിനു തെളിവാണ് വിപ്ലവ പാർട്ടിയുടെ ആൾക്കൂട്ട കൊലയ്‌ക്കിരയായ സിദ്ധാർത്ഥ്- ജോയ് മാത്യു

മനുഷ്യസമൂഹത്തിലെ സ്നേഹത്തിന്‍റെ, സൗഹൃദത്തിന്‍റെ, പ്രണയത്തിന്‍റെ, വേദനകളുടെ, നിസ്സഹായതകളുടെ, വഞ്ചനയുടെ, ജാതിയുടെ ഒക്കെ ഉള്ളുലയ്ക്കുന്ന കഥയുമായി പ്രേക്ഷകരെ അമ്പരപ്പിച്ച ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ ചിത്രം ‘ചാവേർ’ മലയാളികൾക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. ബംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ‘ചാവേർ’ കരസ്ഥമാക്കി.

പുരസ്കാരം ലഭിച്ച വാർത്ത അറിയിക്കുന്നതിനൊപ്പം ചാവേർ പങ്കുവയ്‌ക്കുന്ന അപ്രിയ സത്യങ്ങളെക്കുറിച്ച് വിശദമാക്കുകയാണ് നടനും സിനിമയുടെ തിരക്കഥാകൃത്തുമായ ജോയ് മാത്യു. രാഷ്‌ട്രീയ കൊലകൾ നടത്തുന്നവരും അതിന്റെ നടത്തിപ്പുകാരും അവരുടെ അടിമകളും വ്യാജ നിരൂപക കുറുക്കന്മാരും ചേർന്ന് എത്ര ഒതുക്കാൻ ശ്രമിച്ചിട്ടും മെരുങ്ങാൽ തയ്യാറില്ലാതെ കുതറിയുയരുന്ന സത്യത്തിന്റെ പേരാണ് സർഗ്ഗാത്മകത -“ചാവേർ “പറഞ്ഞ അപ്രിയ സത്യങ്ങൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് വിപ്ലവ പാർട്ടിയുടെ ആൾക്കൂട്ട കൊലയ്‌ക്കിരയായ സിദ്ധാർഥ് എന്ന വിദ്യാർത്ഥി. “ചാവേർ ” അതിന്റെ തേരോട്ടം തുടങ്ങിയിട്ടേയുള്ളൂ.’- എന്നായിരുന്നു ജോയ് മാത്യു കുറിച്ചത്.

320 സിനിമകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 36 സിനിമകളാണ് ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിൽ മത്സരിച്ചത്. അതിൽ നിന്നുമാണ് ചിത്രം മൂന്നാം സ്ഥാനം നേടിയെടുത്തത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ പ്രശസ്തമായ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ നിന്നും ഇത്തരത്തിൽ ഒരു പുരസ്കാരം നേടാൻ സാധിച്ചുവെന്നത് ചാവേറിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ് എന്ന് അണിയറപ്രവർത്തകർ പ്രതികരിച്ചു.

കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വ‍ർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയം.