സഹപാഠി യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, ദൃശ്യങ്ങൾ ബന്ധുവായ വീട്ടമ്മയ്ക്ക് അയച്ചുനൽകി ഭീഷണി

മലപ്പുറം ചങ്ങരംകുളത്ത് പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. 22-കാരനായ എരമംഗലം സ്വദേശി വാരിപ്പുള്ളിയിൽ ജുനൈസിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽനിന്ന് സ്വർണവും തട്ടിയെടുത്തു. 22 വയസുള്ള പെൺകുട്ടിയെ സഹപാഠിയായ യുവാവ് പീഡിപ്പിച്ചത് ഏപ്രിൽ 19നാണ്.

പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ചശേഷം മദ്യം നൽകിയായിരുന്നു പീഡനം. തുടർന്ന് പീഡനദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാട്ടിയാണ് പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. ഈ ദൃശ്യങ്ങൾ അടുത്ത ബന്ധുവായ യുവതിക്ക് അയച്ചുകൊടുത്ത് തനിക്ക് വഴങ്ങണമെന്ന് ഭീഷണിപ്പെടുത്തി.

ഇല്ലെങ്കിൽ പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് ബന്ധുക്കൾ ചങ്ങരംകുളം പൊലീസിന് പരാതി നൽകുകയായിരുന്നു. പ്രതിയെ എത്തിച്ച് ലോഡ്ജിൽ തെളിവെടുപ്പ് നടത്തി. മൊബൈലും പ്രതി സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.