ലോകായുക്ത ഭേദഗതിക്കുള്ള സര്‍ക്കാര്‍ തീരുമാനം വികലവും വൃത്തികെട്ടതു൦; ജസ്റ്റിസ് കെമാല്‍ പാഷ

ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം വികലവും വൃത്തികെട്ടതുമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഇങ്ങനെ ഭേദഗതി കൊണ്ടുവന്നാല്‍ എന്ത് തോന്നിവാസവും ചെയ്യാമെന്ന് സർക്കാറിന് പറഞ്ഞു കൊടുത്തത് ഏതു ഉപദേശിയാണെന്നും അദ്ദേഹം ചോദിച്ചു. നിയമഭേദഗതി കൊണ്ടുവന്നാല്‍ ലോകായുക്തയും നോക്കുകുത്തിയായ കമ്മിഷനിലേക്ക് പിന്തള്ളപ്പെടും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും സർക്കാർ നിര്‍ബന്ധമായും ഈ തീരുമാനത്തില്‍ നിന്ന് പിന്മാറണ൦ എന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോകായുക്ത ഭേദഗതിയെ ന്യായീകരിച്ച് ദേശാഭിമാനി പത്രത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിന് പ്രതികരണവുമായി സിപിഐ രംഗത്തെത്തി. ഓര്‍ഡിനന്‍സിന് മുന്‍പ് കക്ഷികളുമായി കൂടിയാലോചന നടത്തണമായിരുന്നുവെന്ന് സി പി ഐ നേതാവ് കെ പ്രകാശ് ബാബു പറഞ്ഞു. കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് പറഞ്ഞ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.