‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കും’; ആത്മഗതം സഭയില്‍ ജലീല്‍ സംസാരിക്കുന്നതിന് തൊട്ടുമുമ്പ്

തിരുവനന്തപുരം. കെടി ജലീല്‍ എംഎല്‍എ സര്‍ക്കാരിനെ കുഴപ്പത്തിലാക്കുമെന്ന് മുന്‍ മന്ത്രി കെകെ ശൈലജയുടെ ആത്മഗതം. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് സംഭവം. കെകെ ശൈലജ സംസാരിക്കവെ കെടി ജലീല്‍ സംസാരിക്കുവനായി എഴുന്നേല്‍ക്കുമ്പോഴാണ് ആത്മഗതം.

ഇയാള് നമ്മളെ കുഴപ്പത്തിലാക്കും എന്നായിരുന്നു കെ കെ ശൈലജയുടെ ആത്മഗതം. ലോകായുക്ത ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ ശൈലജ സംസാരിച്ച് പൂര്‍ത്തിയാക്കുമ്പോഴേക്കും ജലീല്‍ സംസാരിക്കുവാന്‍ എഴുന്നേറ്റിരുന്നു. ഇതോടെ ജലീലിന് വഴങ്ങി സീറ്റില്‍ ഇരിക്കുന്നതിനിടെയാണ് മൈക്ക് ഓണ്‍ ആണെന്ന് അറിയാതെ ശൈലജയുടെ ആത്മഗതം.

അതേസമയം ആത്മഗതത്തില്‍ പ്രതികരണവുമായി കെകെ ശൈലജ എംഎല്‍എ രംഗത്തെത്തി. ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞതാണെന്ന് കെകെ ശൈലജ പറയുന്നു. പറഞ്ഞ വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്ന് ശൈലജ പറയുന്നു.

ലോകായുക്ത വിധിയെ തുടര്‍ന്നാണ് കെടി ജലീല്‍ മുമ്പ് രാജിവെക്കേണ്ടിവന്നത്. അതേ ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്ലിന്മേല്‍ ചര്‍ച്ചയിലാണ് ശൈലജയുടെ ആത്മഗതം.