അടുത്ത പതിനാലു ദിവസം ലാന്‍ഡറുമായുളള ബന്ധം പുനഃസ്ഥാപിക്കുന്നതിനുളള ശ്രമം തുടരും; കെ ശിവന്‍

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃ സ്ഥാപിക്കുന്നതിനുളള ശ്രമം തുടരുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. അടുത്ത പതിനാല് ദിവസം ഇതിനായുളള ശ്രമങ്ങള്‍ തുടരും. സോഫ്റ്റ് ലാന്‍ഡിംഗിന്റെ നാലുഘട്ടങ്ങളില്‍ അവസാനത്തേതിന് മാത്രം പിഴവ് സംഭവിച്ചുവെന്നും ശിവന്‍ പറഞ്ഞു.
ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അകലെ വച്ചാണ് വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയത്. അവസാന ഘട്ട പ്രവര്‍ത്തനത്തിന്റെ നിര്‍വഹണത്തില്‍ പോരായ്മകള്‍ സംഭവിച്ചു. ഇതിന്റെ ഫലമായി ലാന്‍ഡറുമായുളള ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്ന് ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചില്ലെന്നും കെ ശിവന്‍ പറഞ്ഞു.

ചന്ദ്രയാന്‍ രണ്ട് ദൗത്യം പരാജയമല്ലെന്നും മറ്റു പദ്ധതികളെ ഇത് ബാധിക്കില്ലെന്നും ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍ രണ്ട് ദൗത്യം 90 മുതല്‍ 95 ശതമാനം വരെ വിജയമാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്ററിന് ആറുവര്‍ഷം കൂടി അധികം ആയുസുണ്ടാകും.

നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ വര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് അര്‍ത്ഥം. ഏഴുവര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.