മഞ്ഞകുറ്റി പിഴുതെറിഞ്ഞതുപോലെ എ ഐ ക്യാമറ പദ്ധതിയും എതിർത്ത് തോൽപ്പിക്കും : കെ സുധാകരൻ

തിരുവനന്തപുരം: ഏകാധിപതികള്‍ക്കെല്ലാം കാലം കാത്തുവച്ചിരിക്കുന്നത് ജനങ്ങളുടെ ചെരിപ്പേറും കൂക്കുവിളിയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മഞ്ഞകുറ്റി പിഴുതെറിഞ്ഞതുപോലെ എ ഐ ക്യാമറ പദ്ധതിയും എതിർത്ത് തോൽപ്പിക്കും. ജനങ്ങളെ മുച്ചൂടും കൊള്ളയടിക്കുന്ന പദ്ധതിക്കെതിരേ തെരുവിലിറങ്ങി സമരം നടത്തുമെന്നും കെ.സുധാകരൻ പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറ കഥകളാണ് പദ്ധതി സംബന്ധിച്ച് പുറത്തുവന്നത്. ഇനിയും കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ട്. 424 കോടി രൂപ ‘അഞ്ച് വർഷം കൊണ്ട് ജനങ്ങളിൽനിന്ന് പിഴയായി പിരിച്ചു തരാമെന്നാണ് കെൽട്രോൺ നല്കിയ വാഗ്ദാനം. എന്നാൽ നിലവിലുള്ള രീതിയിൽ നടപ്പാക്കിയാൽ അത് 1000 കോടിയെങ്കിലും നൽകേണ്ടി വരും.

അതിനുവേണ്ടിയാണ് യാതൊരുവിധ തയ്യാറെടുപ്പോ ബോധവൽക്കരണമോ നടത്താതെ പദ്ധതി നടപ്പാക്കിയത്. ഇതിനെല്ലാം ഒത്താശ നല്കി മുഖ്യമന്ത്രിയും പാർട്ടിയും കൂടെനിന്നതിന് കിട്ടിയ പ്രതിഫലം മൂലമാണ് ജനങ്ങൾ ഇപ്പോൾ കെണിയിലായിരിക്കുന്നത്.എല്ലാ പദ്ധതികളിലും നിന്നും മുഖ്യമന്ത്രി കൈയ്യിട്ടുവാരുന്നു എന്നത് ഒരുകാലത്ത് ആരോപണമായിരുന്നെങ്കില്‍ ഇന്നത് യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നിലുണ്ട്.

അതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്നു പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ ഉണ്ടായത്. ഉത്തരകൊറിയന്‍ ഏകാധിപതിയേക്കാള്‍ വലിയ സുരക്ഷിതത്ത്വത്തോടെ അദ്ദേഹം നടക്കുന്നത് ജനങ്ങളെ ഭയന്നാണ്.