കോവിഡ് ധനസഹായം: മരണം കുറച്ചു കാട്ടാനുള്ള സർക്കാരിന്റെ വ്യഗ്രതയിൽ പാവങ്ങൾക്കുള്ള സഹായം നിഷേധിക്കപ്പെടുന്നു; കെ. സുധാകരന്‍

കോവിഡ് മരണം കുറച്ചു കാട്ടാനുള്ള സർക്കാരിന്റെ വ്യഗ്രതയിൽ അനേകായിരം പാവപ്പെട്ടവർക്കാണ് ധനസഹായം നിഷേധിക്കപ്പെടുന്നതെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോവിഡിന്റെ അനന്തര ഫലമായി ന്യൂമോണിയ പോലുള്ള രോഗങ്ങൾ വന്ന് മരിച്ചാലും കോവിഡ് മരണമായി പരിഗണിക്കുന്നില്ല എന്നതാണ് യഥാർത്ഥ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ധനസഹായം ലഭിക്കാനുള്ള സാധ്യതകൾ തുറന്നു കിട്ടിയെങ്കിലും സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി കാരണം സഹായം നഷ്ട്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മൂലകാരണമായ എല്ലാ മരണങ്ങളും കോവിഡ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും കോവിഡ് ലിസ്റ്റ് അടിയന്തരമായി പുനർനിർണയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണനിരക്ക് കുറച്ചുകാട്ടി മേനി നടക്കാൻ സർക്കാർ ശ്രമിക്കുമ്പോഴും രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലുമെല്ലാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഇപ്പോൾ ദയനീയാവസ്ഥയിലാണ് എന്നതാണ് വസ്തുത എന്നുംസുധാകരൻ പറഞ്ഞു.

കോവിഡ് മൂലം കേരളത്തിൽ 13,235 പേർ മരിച്ചെന്നാണ് സർക്കാർ കണക്ക്. എന്നാൽ 25,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ ആരോഗ്യവിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്റെ (ഐഎച്ച്എംഇ) റിപ്പോർട്ടിൽ പറയുന്നു.  സംസ്ഥാന സർക്കാരിന്റെ കണക്ക് തെറ്റാണെന്ന് ഇതിൽ നിന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.