പിണറായി തഴഞ്ഞ കിറ്റക്‌സ് ഗ്രൂപ്പിന് ബിജെപിയുടെ ഉറപ്പ്, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായമാരംഭിക്കാന്‍ എ.എന്‍. രാധാകൃഷ്ണന്‍

തിരുവനന്തപുരം: കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒരു പോലെ വേട്ടയാടുന്ന കിറ്റെക്സിന് രാഷ്ട്രീയ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍. കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബിന് താത്പര്യമെങ്കില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായമാരംഭിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ ഭാ​ഗമായാണ് വേട്ടയാടലെന്നും ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് നിക്ഷേപ സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന അനാവശ്യ റെയ്ഡുകള്‍ വ്യവസായത്തെ തകര്‍ക്കുമെന്നും കേരളത്തില്‍ ആരും വ്യവസായം തുടങ്ങാന്‍ തയാറാകാത്ത സ്ഥിതിയുണ്ടാകുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

തുടര്‍ച്ചയായുള്ള റെഡില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന സര്‍ക്കാരുമായി 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നുവെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, ക്ഷേപ പദ്ധതിക്കായി സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നെന്ന് അറിയിച്ച കിറ്റെക്‌സ് എം.ഡി. സാബു ജേക്കബിന് വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് രംഗത്തെത്തിയിരുന്നു.

കിറ്റെക്സ് ഉന്നയിച്ച പ്രശ്നങ്ങള്‍ ഗൗരവപൂര്‍വ്വം തന്നെ പരിഗണിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെന്നും പി. രാജീവ് കൂട്ടിചേര്‍ത്തു.