ഇ.ശ്രീധരന്‍ കേരളത്തിന്റെ മുഖയമന്ത്രിയാകാന്‍ യോഗ്യന്‍; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഇ.ശ്രീധരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്, മെട്രോമാന്‍ ഇ.ശ്രീധരന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. “ശ്രീധരന്‍ ബിജെപി സ്ഥാനാര്‍ഥിയാകും. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏതുപദവിയും വഹിക്കാന്‍ അദ്ദേഹം യോഗ്യനാണ്.” സുരേന്ദ്രന്‍ പറഞ്ഞു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പദവി ഏറ്റെടുക്കുമെന്നും ശ്രീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരുന്ന കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. വിജയ് യാത്ര വേളയില്‍ അദ്ദേഹം ഔപചാരികമായി പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

കേരളത്തിന്‌ നീതി ഉറപ്പാക്കാന്‍ ബിജെപി വന്നാലേ കഴിയൂവെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്ബത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

ദേശീയ നേതൃത്വം ഇടപെട്ടാണ് ശ്രീധരനെ പാര്‍ട്ടിയില്‍ എത്തിച്ചതെന്നാണ് സൂചന. ശ്രീധരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും ഇ.ശ്രീധരന്‍ ബിജെപിയിലേക്ക് എന്ന നിലയില്‍ പ്രചാരണമുണ്ടായിരുന്നു. ബിജെപി നേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് അദ്ദേഹം ബിജെപി പ്രവേശനമെന്നതിനോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.