നടക്കുന്നത് ലീഗിനെ ഇടതുമുന്നണിയിൽ എത്തിക്കാനുള്ള ശ്രമം; മുസ്ലിംലീഗ് തികഞ്ഞ വർഗീയ പാർട്ടിയെന്നും കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുസ്ലിംലീഗിനെ ഇടതുമുന്നണിയിൽ എത്തിക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നതെന്ന്
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എം.വി ഗോവിന്ദന്റെ പ്രസ്താവന ഇതിന് ആക്കം കൂട്ടുന്നതാണ്. മുസ്ലിംലീഗ് തികഞ്ഞ ഒരു വർഗീയ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ലീഗെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇടത് മുന്നണിക്ക് നേരത്തെ മുസ്ലിംലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാടായിരുന്നുവെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സി.പി.എം ഇപ്പോൾ നടത്തുന്നത് വർഗീയമായി ജനങ്ങളെ ധ്രുവീകരിക്കാനുള്ള നീക്കമാണ്. യു.ഡി.എഫിൽ നിന്നും ലീഗിനെ അടർത്തിയെടുത്ത് ഇടതുമുന്നണിയിൽ എത്തിക്കാനാണ് ശ്രമം. സി.പി.എമ്മിന് വോട്ട് ചെയ്യുന്ന ഭൂരിപക്ഷ സമുദായത്തിന് ഇത് അംഗീകരിക്കാനാവില്ല.

ഒട്ടും വൈകാതെ തന്നെ സി.പി.ഐയും ലീഗിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുമെന്ന് വ്യക്തമാണ്. നാല് വോട്ടിന് വേണ്ടി നാടിന്റെ മതസൗഹാർദം തകർക്കുന്ന നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിംലീഗ് പല ദേശീയ പ്രശ്നങ്ങളിലും രാജ്യത്തിന്റെ പൊതു നിലപാടിനെതിരെ പ്രവർത്തിച്ചവരാണെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.