അനിൽ കെ. ആന്റണിക്കുണ്ടായ വിവേകബുദ്ധി പോലും രാഹുൽഗാന്ധിക്കും കൂട്ടർക്കുമില്ല : കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വിവാദമായ ബിബിസി ഡോക്യുമെന്ററിയുടെ കാര്യത്തിൽ എ.കെ ആന്റണിയുടെ മകൻ അനിൽ കെ. ആന്റണിക്കുണ്ടായ വിവേകബുദ്ധി പോലും രാഹുൽഗാന്ധിക്കും കൂട്ടർക്കുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിക്കെതിരെ വിവാദം കനക്കുമ്പോഴായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവായ എകെ ആന്റണിയുടെ മകൻ പ്രതികരണവുമായി രംഗത്തെത്തിയത്.

ബിബിസി നടത്തുന്നത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാനുമുള്ള ശ്രമം. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വയ്‌ക്കുന്ന നടപടിയാണിതെന്നുമാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആന്റണി പ്രതികരിച്ചത്.

“പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരിൽ ഇന്ത്യാവിരുദ്ധമാവുന്നത് എത്രവേഗമാണെന്ന് തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്‌ക്ക് അഞ്ഞൂറു കിലോമീറ്റർ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ല. പിന്നെ സിപിഎമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാൻ വീണ്ടുമൊരവസരം കൂടി ലഭിച്ചുവെന്നതിലുള്ള ചാരിതാർത്ഥ്യവും. ജന്മനാ ഇന്ത്യാവിരുദ്ധരായ അഞ്ചാംപത്തികൾ…” കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.