മോദിയ്ക്ക് നല്ലത് പ്രധാനമന്ത്രിപ്പണിയല്ല ,സന്യാസിപ്പണിയെന്ന് KT ജലീൽ

അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിനെ എതിർത്ത് കെ ടി ജലീൽ എം എൽ എ. ഇന്ത്യയേയും , പാകിസ്താനേയും താരതമ്യപ്പെടുത്തിയാണ് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാകിസ്താനിൽ പോലും ഏതെങ്കിലും ഒരു പ്രസിഡന്റോ, പ്രധാനമന്ത്രിയോ അവിടുത്തെ പ്രസിദ്ധമായ ഏതെങ്കിലുമൊരു പള്ളിക്ക് തറക്കല്ലിട്ടതോ മതചടങ്ങിന് നേതൃത്വം നൽകിയതോ കേട്ടുകേൾവിയില്ല. വേദപണ്ഡിതരും സന്യാസിവര്യരും ചെയ്യേണ്ട ജോലി ഒരു രാഷ്‌ട്രത്തിന്റെ പ്രധാനമന്ത്രി ചെയ്യുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല എന്നുമാണ് ജലീൽ പറയുന്നത് .

അവസാനം കോൺഗ്രസ്സിനും കാര്യം തിരിഞ്ഞു! ചെയ്ത പാപങ്ങൾക്ക് കോൺഗ്രസ് പ്രായശ്ചിത്തം ചെയ്യാൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഇടതുപക്ഷ പാർട്ടികൾ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ക്ഷണം കിട്ടിയ ഉടനെതന്നെ മതത്തെയും വിശ്വാസത്തെയും ക്ഷേത്രത്തെയും മുൻനിർത്തിയുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസ്സിൻ്റെയും രാഷ്ട്രീയക്കളി മനസ്സിലാക്കി ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. വൈകിയെങ്കിലും കോൺഗ്രസ്സ്, ഇടതുപാർട്ടികൾ വഴിനടത്തിയ പാതയിലൂടെ മതേതര പ്രയാണത്തിന് തയ്യാറായത് സ്വാഗതാർഹമാണ്. ഹിന്ദുത്വ അജണ്ടയെ മുൻനിർത്തി ബി.ജെ.പി ചെയ്യുന്ന വർഗ്ഗീയ ചേരിതിരിവിന് ചൂട്ടുപിടിക്കലല്ല തങ്ങളുടെ ജോലിയെന്ന് വൈകിയെങ്കിലും കോൺഗ്രസ്സ് മനസ്സിലാക്കിയത് നന്നായി.

ഭൂരിപക്ഷ ജനവിഭാഗത്തിൻ്റെ വിശ്വാസവുമായി ഇഴുകിച്ചേർന്ന വിഷയമായതിനാൽ കോൺഗ്രസ്സ് പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കണമെന്ന തരത്തിൽ പല കോൺഗ്രസ്സ് നേതാക്കളും നേരത്തെ പ്രതികരിച്ചിരുന്നു. മധ്യപ്രദേശിലെ കമൽനാഥായിരുന്നു ആ പ്രചരണത്തിൻ്റെ മുന്നണിപ്പോരാളി. ബാബരി മസ്ജിദിൻ്റെ മിഹ്റാബിൽ 1948-ൽ വിഗ്രഹം “സ്വയംഭൂവായി” പള്ളി അടച്ചിട്ടത് കോൺഗ്രസ് ഭരണത്തിലാണെന്ന് മേനിനടിച്ച കമൽനാഥ്, രാമക്ഷേത്രത്തിന് ശിലാന്യാസം നടത്താൻ സൗകര്യമൊരുക്കിയതും കോൺഗ്രസ്സാണെന്ന് വീമ്പ് പറഞ്ഞു. പള്ളി പൊളിച്ചത് കൊണ്ടാണ് രാമക്ഷേത്രം പണിയാൻ സ്ഥലം ലഭിച്ചതെന്നും അതും കോൺഗ്രസ്സ് ഭരണത്തിലായിരുന്നെന്നും അദ്ദേഹം വരികൾക്കിടയിൽ പറയാതെ പറഞ്ഞു.

മധ്യപ്രദേശിലെ ജനങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ അടപ്പൂരി. രാമക്ഷേത്രത്തിൻ്റെ നേരവകാശികളുടെ കസേരയിലിരിക്കാൻ ബി.ജെ.പിയോട് അരയും തലയും മുറുക്കി കളത്തിലിറങ്ങിയ കോൺഗ്രസ്സ് മതേതര വിശ്വാസികളെ നിരാശരാക്കി. രാമക്ഷേത്ര ഭൂമിപൂജാ ചടങ്ങിലേക്ക് വെള്ളി ഇഷ്ടിക കൊടുത്തയച്ച് രാജാവിനെക്കാൾ വലിയ രാജഭക്തി കാണിച്ച അശോക് ഗഹ്ലോട്ട് രാജസ്ഥാനിൽ ബാലറ്റ് മൽസരത്തിൽ മൂക്ക്കുത്തി വീണത് നാം കണ്ടു. ഒരു ദൈവത്തിനും ആരാധനാലായം പണിയാത്ത കെജ്രിവാൾ ഡൽഹിയിൽ അധികാരം അരക്കിട്ടുറപ്പിച്ചത് കോൺഗ്രസ്സിന് കാണാനാകാതെ പോയത് എന്തുകൊണ്ടാണ്? ഒരുദൈവത്തെയും കൂട്ടുപിടിക്കാതെയാണ് ആന്ധ്രയിലും കർണ്ണാടകയിലും മിന്നുന്ന ജയം കോൺഗ്രസ്‌ സ്വന്തമാക്കിയത്.

വസ്തുതകൾ ഇതായിരിക്കെ ബി.ജെ.പിക്ക് തപ്പ് കൊട്ടുന്ന ഏർപ്പാട് കോൺഗ്രസ്സ് നിർത്തിയില്ലെങ്കിൽ പാർട്ടി ഉപ്പുവെച്ച കലംപോലെയാകുമെന്ന് തിരിച്ചറിയാൻ നേതൃത്വത്തിനായത് ശുഭസൂചകമാണ്.
കാവി പുതച്ചത് കൊണ്ടോ, തൃശൂലം കയ്യിലേന്തിയത് കൊണ്ടോ, നെറ്റി മുഴുവൻ ഭസ്മക്കുറി ചാർത്തിയത് കൊണ്ടോ, ദൈവങ്ങളുടെ വേഷം കെട്ടിയത് കൊണ്ടോ, കോൺഗ്രസ്സിന് ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം വി.എം സുധീരനും കെ മുരളീധരനുമല്ലാതെ ഇന്ത്യയിൽ മറ്റൊരു കോൺഗ്രസ്സ് നേതാവിനും ഉണ്ടായില്ലെന്നത് അൽഭുതമാണ്! അവരുടെ ഉറച്ച നിലപാടിലേക്ക് കോൺഗ്രസ്സിന് വരേണ്ടിവന്നത് കെ.സി വേണുഗോപാലിൻ്റെയും കെ സുധാകരൻ്റെയും വി.ഡി സതീശൻ്റെയും വിശ്വപൗരൻ ശശി തരൂരിൻ്റെയും കണ്ണ് തുറപ്പിക്കാതിരിക്കില്ല.

കോൺഗ്രസ്സിൻ്റെ വൈകി ഉദിച്ച വിവേകം ബി.ജെ.പി വിരുദ്ധ ഇന്ത്യാമുന്നണിയെ ശക്തിപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പീതവർണ്ണ രാഷ്ട്രീയം മനസ്സിൽ പേറുന്നവരുടെ ഉപചാപക സംഘത്തിൽ നിന്ന് സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എത്രയും പെട്ടന്ന് രക്ഷപ്പെടുന്നുവോ അത്രയും അവർക്കും കോൺഗ്രസ്സിനും നല്ലത്! നഹ്റുവിയൻ ആശയങ്ങളുടെ പുനരുജ്ജീവനമാണ് വർത്തമാന ഇന്ത്യ ആഗ്രഹിക്കുന്നത്. അതിലേക്ക് അവരെ നയിക്കാൻ മായം ചേരാത്ത മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവർക്കേ കഴിയൂ. ആ ചേരിയിൽ ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസ്സും ഉണ്ടാകണം. മറ്റു സെക്കുലർ പാർട്ടികളും അണിനിരക്കണം. വോട്ടിൻ്റെ എണ്ണത്തെക്കാൾ പ്രധാനമാണ് ഓരോ പാർട്ടിയുടെയും ആശയാടിത്തറ.