മകനെ കുറ്റക്കാരനാക്കി പോലീസിന്റെ ഭീഷണിയും; കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരോപണവുമായി അമ്മ

കടയ്ക്കാവൂര്‍: മകനെ പീഡിപ്പിച്ചെന്ന പരാതിയുടെ ഉറവിടത്തെ കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന് കടയ്ക്കാവൂരില്‍ വ്യാജ പീഡന പരാതി നേരിട്ട യുവതി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും തനിക്ക് നേരിട്ടത് മോശം പെരുമാറ്റമാണെന്നും യുവതി പറയുന്നു.

‘കുഞ്ഞിനെ തെറ്റുകാരനാക്കുകയാണ്. വ്യാജ പരാതി ലഭിച്ചതിന്റെ ഉറവിടം അന്വേഷിച്ചില്ല. പരാതിയെ കുറിച്ച്‌ വിശദമായ അന്വേഷണം വേണം. കുഞ്ഞിനെ കൊണ്ട് വ്യാജ പരാതി നല്‍കിപ്പിച്ചത് ആരാണെന്ന് പോലീസ് അന്വേഷിച്ചിട്ടില്ല. കൂടുതല്‍ കേസുകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. പിന്നില്‍ ആരാണെന്ന് പോലീസ് അന്വേഷിച്ച്‌ പുറത്തുകൊണ്ടുവരണം’, യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് പോക്സോ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാക്ഷി മൊഴികളിലും മെഡിക്കല്‍ റിപ്പോര്‍ട്ടുകളിലും പീഡനം നടന്നതിന് തെളിവുകളില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ മൊഴി മാത്രം കണക്കിലെടുത്ത് പീഡനത്തിനിരയായെന്ന് ഉറപ്പിക്കാനാകില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ചയാണ് കടയ്ക്കാവൂര്‍ പോക്സോ കേസില്‍ കുട്ടിയുടെ അമ്മ നിരപരാധിയാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പുറത്തുവന്നത്. പ്രായപൂര്‍ത്തിയാകാത്ത മകനെ പീഡിപ്പിച്ചെന്ന ആരോപണമാണ് വ്യാജമെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. 13 കാരന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് ആണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ വിരോധങ്ങള്‍ തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നല്‍കിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. ഈ വാദത്തില്‍ തന്നെ യുവതി ഇപ്പോഴും ഉറച്ച്‌ നില്‍ക്കുകയാണ്.