കഴിഞ്ഞ എട്ടു മാസമായി ഏറ്റവും സ്നേഹമുള്ള ഒരച്ഛനായി കാണുന്നു; ഭര്‍ത്താവിനെ കുറിച്ച്‌ കാജല്‍ അ​ഗര്‍വാള്‍

ആദ്യകുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് നടി കാജല്‍ അ​ഗര്‍വാള്‍.ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെ കുറിച്ച്‌ ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരുക്കുകയാണ് താരം. ഗൗതം കിച്ച്‌ലു നല്ലൊരു ഭര്‍ത്താവായതിന് നന്ദിയറിയിച്ചുകൊണ്ടാണ് ഇന്‍സ്റ്റാ​ഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മഹാനായൊരു ഭര്‍ത്താവായതിന് നന്ദി…. നിസ്വാര്‍ത്ഥനായതിന്, മിക്ക രാത്രികളിലും എന്നോടൊപ്പം ഉറക്കമുണര്‍ന്നതിന്, ഉറങ്ങാന്‍ ഏറെ ഇഷ്ടപ്പെടുന്നയിടത്ത് കൂട്ടിരുന്നതിന്, ഡോക്ടറെ വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിന് തുടങ്ങി എല്ലാവിധത്തിലും തനിക്ക് ആശ്വാസമേകിയതിന് നന്ദിയെന്നാണ് താരം കുറിച്ചത്. “ഏറ്റവും സ്നേഹമുള്ള ഒരച്ഛനായി കഴിഞ്ഞ എട്ടു മാസമായി താങ്കളെ കാണുന്നു.

കുഞ്ഞിനെ എത്രമാത്രം നിങ്ങള്‍ സ്നേഹിക്കുന്നതെന്നും ഇപ്പോള്‍ത്തന്നെ എത്ര കരുതല്‍ നല്‍കിക്കഴിഞ്ഞെന്നും എനിക്കറിയാം. സ്നേഹം വാരിക്കോരി നല്‍കുന്ന ഒരച്ഛനെയായിരിക്കും നമ്മുടെ മകള്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്നതില്‍ ഞാന്‍ ഭാ​ഗ്യവതിയാണ്. ജീവിതം പതിയെ മാറാന്‍ തുടങ്ങുകയാണ്. നമ്മള്‍ മാത്രമുള്ളപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ഇനി ചെയ്യാന്‍ സാധിക്കില്ല. പക്ഷേ നമുക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞ് നമ്മുടെ ഹൃദയത്തില്‍ ഒരുപാട് സന്തോഷം നിറയ്ക്കും.” എന്നും താരം കുറിച്ചു.

ഗര്‍ഭകാലത്തെ യോ​ഗയുടെയും ഫോട്ടോഷൂട്ടുകളുടെയും ചിത്രങ്ങള്‍ തുടര്‍ച്ചയായി താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗര്‍ഭകാലം ഏറ്റവും മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ച്‌ ആഘോഷിക്കുന്ന കാജലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. അതേസമയം ഗര്‍ഭകാലത്ത് ഓരോരുത്തരും കടന്നുപോകുന്ന മാനസികാവസ്ഥകളെക്കുറിച്ചുള്ള ഒരു കുറിപ്പും നേരരത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പം കാജല്‍ പങ്കുവെച്ചിട്ടുണ്ട്.”നമുക്ക് അതിനെ അഭിമുഖീകരിക്കാം, മാതൃത്വത്തിനായുള്ള തയ്യാറെടുപ്പ് മനോഹരവും എന്നാല്‍ കുഴപ്പംപിടിച്ചതുമാവാം. ഒരു നിമിഷം എല്ലാം നിയന്ത്രണത്തിലാണെന്ന് നിങ്ങള്‍ക്ക് തോന്നും, അടുത്ത നിമിഷം നിങ്ങള്‍ വളരെ ക്ഷീണിതയാകും, ഉറക്കസമയം എങ്ങനെ കൈകാര്യം ചെയ്യാന്‍ പോകുന്നുവെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടും.. ‘ എന്നാണ് കുറിപ്പ്.