പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചി∙ പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ്(61) അന്തരിച്ചു. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി സ്വദേശിയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 150ഓളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടക വേദികളിലും സജീവമായിരുന്നു.

എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി.

മിമിക്സ് പരേഡാണ് ആദ്യ ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ​ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റാണ് അവസാന ചിത്രം.