ഈ മൊതലിനെ എങ്ങനെ ബാലന്‍സ് ചെയ്യും എന്നതായിരുന്നു എന്റെ ചിന്ത, ഷാജോണ്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കലാഭവന്‍ ഷാജോണ്‍. സംവിധാനത്തിലും ചുവടുവെച്ചിരുന്നു. ഇപ്പോള്‍ ആഭിനയത്തില്‍ ഏറെ ടെന്‍ഷന്‍ അടിച്ച് ചെയ്ത കഥാപാത്രം ലൂസിഫറിലേത് ആണെന്ന് പറയുകയാണ് അദ്ദേഹം. ഇതിന്റെ കാരണം പൃഥ്വിരാജ് ആണെന്നും അദ്ദേഹത്തിന്റെ സംവിധാനം കണ്ടു അത്ഭുതപ്പെട്ടു പോയത് കൊണ്ട് താന്‍ തന്റെ സിനിമ പൃഥ്വിരാജ് എന്ന നടനെ വച്ച് എങ്ങനെ ബാലന്‍സ് ചെയ്യും എന്നോര്‍ത്ത് ശരിക്കും ടെന്‍ഷനായി പോയെന്നും കലാഭവന്‍ ഷാജോണ്‍ പറയുന്നു.

ഷാജോണിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ലൂസിഫറില്‍ അഭിനയിച്ചപ്പോഴാണ് ടെന്‍ഷന്‍ തോന്നിയത്. ഞാന്‍ സംവിധാനം ചെയ്ത സിനിമയാണ് ആദ്യം പ്രഖ്യാപിച്ചത്. ഞാന്‍ പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് ഉറപ്പായി കഴിഞ്ഞപ്പോഴാണ് പൃഥ്വിരാജ് ‘ലൂസിഫര്‍’ എന്ന സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതും എന്നെ അതിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നതും.അവിടുത്തെ സെറ്റില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ എനിക്ക് കൂടുതല്‍ ടെന്‍ഷനായി. സിനിമയുടെ എല്ലാ കാര്യങ്ങളിലും ആഗ്രഗണ്യനായ പൃഥ്വിരാജിനെ ഞാന്‍ എന്റെ സിനിമയില്‍ എങ്ങനെ മാനേജ് ചെയ്യും എന്നാണ് ആദ്യം ചിന്തിച്ചത്!.

ഈ മൊതലിനെ എങ്ങനെ ബാലന്‍സ് ചെയ്യും എന്നായിരുന്നു ചിന്ത. ‘ലൂസിഫര്‍’ എന്ന സിനിമ പൃഥ്വിരാജ് ചെയ്യുന്നത് കണ്മുന്നില്‍ കാണുകയാണ്, ഞാന്‍ ഇനി സിനിമ ചെയ്യുമ്പോള്‍ എന്താകും എന്ന ടെന്‍ഷന്‍ ആയിരുന്നു എനിക്ക്. പക്ഷേ വിചാരിച്ച അത്രയും സമ്മര്‍ദ്ദം എനിക്ക് ഇല്ലായിരുന്നു. വളരെ ഈസിയായി തന്നെ എനിക്ക് ‘ബ്രദേഴ്‌സ് ഡേ’ എന്ന സിനിമ ചിത്രീകരിക്കാന്‍ കഴിഞ്ഞു’.