കളമശ്ശേരി സ്‌ഫോടനത്തിൽ മരണസംഖ്യ മൂന്നായി, വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന 12കാരി മരണത്തിന് കീഴടങ്ങി

കൊച്ചി : കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മലയാറ്റൂർ സ്വദേശി ലിബിന(12) ആണ് മരിച്ചത്. സ്‌ഫോടനത്തിൽ ലിബിനയ്‌ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്ന് പുലർച്ചെ 12.40ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടിക്ക് മെഡിക്കൽ ബോർഡിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് മരുന്നുകൾ നൽകിയിരുന്നത്. കിഴുന്ന എല്ലാ ചികിത്സയും കുഞ്ഞിന് നൽകുമെന്ന് അഗോര്യവകുപ്പും ഉറപ്പു നൽകിയിരുന്നു.

എന്നാൽ കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലായിരുന്നു എന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശി കുമാരി (53) എന്നിവരാണ് സ്‌ഫോടനത്തിൽ മരിച്ച മറ്റ് രണ്ട് പേർ. നിലവിൽ 25ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നുണ്ട്. ലയോണ ഒറ്റയ്‌ക്കാണ് കൺവെൻഷൻ സെന്ററിലേക്ക് എത്തിയതെന്നാണ് വിവരം. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.

അറസ്റ്റിലായ പ്രതി ഡൊമനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി പോലീസ്. ഒപ്പം കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എഫ്‌ഐആറില്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്‌ഫോടനം എന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്താനും കൊലപ്പെടുത്താനുമാണ് സ്‌ഫോടനം നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്‌ഫോടനം തീവ്രവാദ സ്വഭാവത്തോടെയാണെന്നും ഒരു പ്രത്യേക സമൂഹത്തിനെതിരെയാണ് ആക്രമമെന്നും എഫ്‌ഐആറില്‍ പറയുന്നു.

ഡൊമനിക് മാര്‍ട്ടിന്റെ വീട്ടിലെ പോലീസ് പരിശോധന കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായി. ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് ടൂള്‍ ബോക്‌സ് കണ്ടെത്തി. ഡൊമനിക് വീട്ടില്‍ നിന്നും പുലര്‍ച്ചെ അഞ്ച് മണിക്ക് പോയതാണെന്നാണ് വിവരം. അതേസമയം വീട്ടില്‍ നിന്നും സമ്മേളനം നടന്ന സ്ഥലത്തേക്കാണ് ഇയാള്‍ പോയതെന്നാണ് വിവരം.

കൊച്ചി കടവന്ത്ര സ്വദേശിയായ ഇയാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തമ്മനം കുത്തപ്പാടിയിലാണ് താമസിക്കുന്നത്. അതേസമയം സ്‌ഫോടനം നടത്താന്‍ ഭര്‍ത്താവ് പദ്ധതി തയ്യാറാക്കിയെന്ന് തനിക്ക് അറിയില്ലെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കി. ഡൊമനിക്ക് രണ്ട് മാസം മുമ്പാണ് ഗള്‍ഫില്‍ നിന്നും തിരികെ എത്തിയത്. മുമ്പ് ഇയാള്‍ സ്‌പോകണ്‍ ഇംഗ്ലീഷ് ക്ലാസ് എടുത്തിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ഇയാള്‍ ഇതുവരെ കുഴപ്പം ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും. ശാന്ത സ്വഭാവക്കാരനാണെന്നും വാടകവീടിന്റെ ഉടമ പറയുന്നു. കൃത്യമായി വാടക തന്നിരുന്നു. വീട്ടില്‍ അമ്മയും സഹോദരനും അല്ലാതെ മറ്റാരും വരാറില്ലെന്നുമാണ് വീട്ടുടമ പറയുന്നത്. ഇയാള്‍ സ്‌കൂട്ടറിലാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിയതെന്നാണ് വിവരം. അതേസമയം മുമ്പ് സംശയിച്ചിരുന്ന നീല കാര്‍. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം രക്ഷപെട്ടവരായിരിക്കാം എന്നാണ് പോലീസ് നിഗമനം.