അമ്മ പോയിട്ടും ഒറ്റപ്പെട്ടുവെന്ന് തോന്നിയിട്ടില്ല, ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് വളരുന്നത്- കൽപ്പനയുടെ മകൾ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും തിളങ്ങി. കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു.

അമ്മയുടെയും സഹോദരിമാരുടെയും വഴിയെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് കൽപ്പനയുടെ മകൾ ശ്രീ സംഖ്യയും. ഉർവശിയും ശ്രീ സംഖ്യയും ഒന്നിച്ചെത്തുന്നു പുതിയ സിനിമയുടെ ചിത്രീകരണം പത്തനംതിട്ടയിൽ പുരോഗമിക്കുകയാണ്. കൽപ്പന, ഉർവശി, കലാരഞ്ജിനി എന്നിവരെ കുറിച്ച് ശ്രീ സംഖ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലും സിനിമയിലേക്ക് എത്താനും ഈ അമ്മമാർ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നു പറയുകയാണ് ശ്രീ സംഖ്യ.

കാർത്തു, പൊടിയമ്മ, മിനു എന്നാണ് ഞാൻ അവരെ വിളിക്കാറുള്ളത്. കാർത്തു കലാരഞ്ജിനി, പൊടിയമ്മ ഉർവശി, മിനു എന്റെ അമ്മ. പൊടിയമ്മയുടെ കൂടെ ആദ്യ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാൻ. മിനു മരിച്ചതിന് ശേഷം ഒരിക്കലും ഒറ്റപെട്ടു എന്നു തോന്നിയിട്ടില്ല. ഞങ്ങൾ മക്കൾ എല്ലാവരും ഒന്നിച്ചാണ് വളർന്നത്. അമ്മ ഉള്ളപ്പോഴും കൂടുതൽ അടുപ്പം കാർത്തുവിനോടായിരുന്നു. ഇപ്പോൾ ആ അടുപ്പം ഒന്നുകൂടി ബലപ്പെട്ടിട്ടെയുള്ളൂ.

സിനിമയിൽ വരരുതെന്നോ, സിനിമ മേഖല മോശമാണെന്നോ ഈ അമ്മമാരൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല. എനിക്ക് വരുന്ന എല്ലാ കഥകളും അമ്മമാരും കേൾക്കാറുണ്ട്. അവരുമായി ചർച്ച ചെയ്തിട്ടേ തീരുമാനങ്ങൾ എടുക്കാറുള്ളൂ.