എന്നെ ഇവിടം വരെ എത്തിച്ചത് വേദനിപ്പിക്കുന്ന ആ അനുഭവങ്ങളാണ്, തുറന്ന് പറഞ്ഞ് കനകലത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനകലത.മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി 35 വര്‍ഷത്തില്‍ അധികമായി താരം നിറഞ്ഞു നില്‍ക്കുകയാണ്.സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന കനകലതയേ പ്രേക്ഷകര്‍ക്ക് അറിയൂ.എന്നാല്‍ നടിയുടെ സ്വകാര്യ ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുകളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്.ഇവയോടെല്ലാം പൊരുതി വിജയിച്ച കഥയാണ് കനകലതയ്ക്കുള്ളത്.ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ ദുരിത അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

കനകലതയുടെ വാകക്കുകള്‍ ഇങ്ങനെ,ഓച്ചിറയാണ് ഞാന്‍ ജനിച്ചത്.പഠിച്ചതും വളര്‍ന്നതുമെല്ലാം കൊല്ലത്താണ്.അച്ഛനവിടെ ചെറിയ ഹോട്ടല്‍ നടത്തുകയായിരുന്നു.ഞങ്ങള്‍ 5 മക്കള്‍.എനിക്ക് നാലു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. റക്കമുറ്റാത്ത ഞങ്ങള്‍ മക്കളെ പിന്നീട് വളര്‍ത്തിയത് അമ്മയും അമ്മാവനും ചേര്‍ന്നാണ്.ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു ജീവിതം.വാടകവീടുകളില്‍ നിന്ന് വാടകവീടുകളിലേക്കുള്ള പലായനമായിരുന്നു.ചെറുപ്പത്തില്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു.അമച്വര്‍ നാടകങ്ങളിലൂടെയാണ് തുടക്കം.പിന്നീട് പ്രൊഫഷണല്‍ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാര്‍ഗം എന്നുറപ്പിച്ചു.പിന്നീട് ദൂരദര്‍ശനില്‍ ഒരു പൂ വിരിയുന്നു എന്ന സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.അതുവഴി മിനിസ്‌ക്രീനിലെത്തി.അതുകണ്ട് ഉണര്‍ത്തുപാട്ട് എന്നൊരു സിനിമയിലേക്ക് വിളിച്ചു.അഭിനയിച്ചു.പക്ഷേ ആ സിനിമ റിലീസായില്ല.പിന്നീട് ചില്ല് എന്ന സിനിമയാണ് റിലീസായത്.

ആ സമയത്ത് ഞാന്‍ വിവാഹിതയായി.പക്ഷേ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല.ഞങ്ങള്‍ വേര്‍പിരിഞ്ഞു.ജീവിതത്തില്‍ ഒറ്റപ്പെടല്‍ തോന്നിയ സമയം.അപ്പോഴാണ് എന്റെ മൂത്ത സഹോദരന്‍ മരിക്കുന്നത്.അങ്ങനെ ചേട്ടന്റെ മൂന്നു മക്കളെ ഞാന്‍ സ്വന്തം മക്കളായി ദത്തെടുത്തു വളര്‍ത്താന്‍ തുടങ്ങി.അവരിലൂടെ എനിക്ക് വീണ്ടും ഒരു കുടുംബം ലഭിച്ചു.അഭിനയത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കഷ്ടപ്പെട്ട് അവരെ ഞാന്‍ വളര്‍ത്തി.രണ്ടു പെണ്‍മക്കളെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചുവിട്ടു.മകനും അവന്റെ കുടുംബവുമാണ് ഇപ്പോള്‍ എന്നോടൊപ്പമുള്ളത്.നിരവധി വാടകവീടുകളില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച എനിക്ക് സ്വന്തമായി ഒരു വീട് വലിയ സ്വപ്നമായിരുന്നു.

അങ്ങനെ 9 വര്‍ഷം മുന്‍പ് മലയിന്‍കീഴ് 3.5 സെന്റ് സ്ഥലം ഞാന്‍ വാങ്ങി.കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വീടുപണി തുടങ്ങി.അവസാനംപണി പൂര്‍ത്തിയാക്കാന്‍ 3 ലക്ഷം കൂടി വേണ്ട സന്ദര്‍ഭമെത്തി.അന്ന് എന്റെ അവസ്ഥ കണ്ട് സഹായിച്ചത് കലാഭവന്‍ മണിയും ഇന്ദ്രന്‍സുമായിരുന്നു.എന്നും ആ സ്മരണ എന്റെ ജീവിതത്തിലുണ്ടാകും.കഴിഞ്ഞ 38 വര്‍ഷത്തില്‍ 360 സിനിമകളില്‍ അഭിനയിച്ചു.അതില്‍ 30 തമിഴ് സിനിമകളുമുണ്ട്.സിനിമകള്‍ കൂടുതല്‍ ലഭിക്കുന്നതുകൊണ്ട് ഇപ്പോള്‍ മിനിസ്‌ക്രീനില്‍ ഒരിടവേള എടുത്തിരിക്കുകയാണ്.പക്ഷേ ഈ കൊറോണക്കാലം ഞങ്ങളെപ്പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കാണ് ഏറ്റവും പ്രഹരമായത്.എട്ടു മാസമാണ് പണിയില്ലാതെ ഞാന്‍ വീട്ടിലിരുന്നത്.കഴിഞ്ഞ മാസം മുതലാണ് വീണ്ടും ഷൂട്ടിങ് പുനരാരംഭിച്ചത്.