ഇസ്രായേൽ -പലസ്തീൻ സംഘർഷം: ഇന്ത്യയുടെ പിന്തുണ ഇസ്രായേലിനെന്നു കങ്കണ

ഇസ്രായേൽ -പലസ്തീൻ സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് നടി കങ്കണ റണാവത്ത്. അമേരിക്കയുടെ എതിർപ്പ് പോലും വകവയ്ക്കാതെ വേണ്ട സമയത്ത് ഇന്ത്യക്ക് വേണ്ടി ഇസ്രായേൽ ആയുധങ്ങൾ എത്തിച്ചിട്ടുണ്ടെന്ന ആനന്ദ് രങ്കനാഥന്റെ ട്വീറ്റ് പങ്കുവെച്ചു കൊണ്ടാണ് കങ്കണ പിന്തുണ അറിയിച്ചത്. കൊവിഡ് സമയത്ത് ഇന്ത്യക്ക് വേണ്ടി മെഡിക്കൽ സംവിധാനങ്ങൾ എത്തിക്കാനും ഇസ്രായേൽ ഒപ്പം നിന്നതായി പോസ്റ്റിൽ പറയുന്നു. ഇതിനു കങ്കണ ഇസ്രായേലിനോട് നന്ദി അറിയിക്കുകയും ചെയ്തു.

കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം തുടരുമ്പോൾ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം ഇസ്രായേലിന്റെ നടപടികളെ ശക്തമായി അപലപിക്കുകയാണ്. ഈ ഘട്ടത്തിലാണ് ഇന്ത്യ ഇസ്രായേലിനൊപ്പം എന്ന കങ്കണയുടെ പോസ്റ്റ്. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിവരുന്ന വ്യോമാക്രമണം തുടരുകയാണ്. നിരവധി പേരാണ് സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.