നേഴ്‌സിനെ മാലാഖയാക്കുന്ന ആരെങ്കിലും അവരുടെ ജോലിക്ക്‌ കിട്ടുന്ന തുച്‌ഛമായ വേതനത്തെക്കുറിച്ച്‌ ചർച്ച ചെയ്യാറുണ്ടോ?

കോവിഡ് പ്രതിസന്ധി ആഗോളതലത്തിൽ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു നഴ്സസ് ദിനം കൂടി എത്തുന്നത്. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാരുടെ ഈ ദിനം കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാനാണ് കേരള ഗവ. നഴ്സസ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. ഈ ദിനത്തിൽ നഴ്സുമാരുടെ ബുദ്ധിമുട്ടുകൾ വിവരിച്ചുകൊണ്ട് കുറിപ്പ് പങ്കുവെക്കുകയാണ് ഡോ.ഷിംന അസീസ്.

നേഴ്‌സിനെ മാലാഖക്കുപ്പായത്തിനകത്ത്‌ കൊണ്ട്‌ പോയി പ്രതിഷ്‌ഠിക്കുന്ന ആരെങ്കിലും അവരുടെ ജോലിക്ക്‌ കിട്ടുന്ന തുച്‌ഛമായ വേതനത്തെക്കുറിച്ച്‌ ചർച്ച ചെയ്യാറുണ്ടോ? നീണ്ട്‌ നീണ്ട്‌ പോകുന്ന ഷിഫ്‌റ്റുകളെക്കുറിച്ചറിയാമോ? ‘ചിരിക്കാത്ത നേഴ്‌സ്‌, വായ്‌ മൂടി നിൽക്കാതെ മറുപടി പറയുന്ന നേഴ്‌സ്‌’ തുടങ്ങിയ അക്ഷന്തവ്യമായ തെറ്റുകൾ ചർച്ച ചെയ്യപ്പെടാറുമുണ്ട്‌. നൈറ്റ്‌ ഡ്യൂട്ടി എടുക്കുന്ന വകയിൽ സ്‌ത്രീകളായ നേഴ്‌സുമാർക്ക്‌ ചില മഹാനുഭാവർ വകയായുള്ള സർട്ടിഫിക്കറ്റുകൾ വേറെയുമുണ്ടെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

നേഴ്‌സിനെ മാലാഖക്കുപ്പായത്തിനകത്ത്‌ കൊണ്ട്‌ പോയി പ്രതിഷ്‌ഠിക്കുന്ന ആരെങ്കിലും അവരുടെ ജോലിക്ക്‌ കിട്ടുന്ന തുച്‌ഛമായ വേതനത്തെക്കുറിച്ച്‌ ചർച്ച ചെയ്യാറുണ്ടോ? നീണ്ട്‌ നീണ്ട്‌ പോകുന്ന ഷിഫ്‌റ്റുകളെക്കുറിച്ചറിയാമോ? ‘ചിരിക്കാത്ത നേഴ്‌സ്‌, വായ്‌ മൂടി നിൽക്കാതെ മറുപടി പറയുന്ന നേഴ്‌സ്‌’ തുടങ്ങിയ അക്ഷന്തവ്യമായ തെറ്റുകൾ ചർച്ച ചെയ്യപ്പെടാറുമുണ്ട്‌. നൈറ്റ്‌ ഡ്യൂട്ടി എടുക്കുന്ന വകയിൽ സ്‌ത്രീകളായ നേഴ്‌സുമാർക്ക്‌ ചില മഹാനുഭാവർ വകയായുള്ള സർട്ടിഫിക്കറ്റുകൾ വേറെയുമുണ്ട്.

വർഷമൊന്നായി അവരിൽ പലരും PPE കിറ്റിനകത്ത്‌ കയറിയിട്ട്‌. രോഗി കുളിച്ച വെള്ളത്തിൽ നിന്ന്‌ കോവിഡ്‌ പകരുമോ എന്നും അപ്പുറത്തെ വീട്ടിലെ കോവിഡ്‌ അങ്ങോട്ട്‌ നോക്കി ചിരിച്ചാൽ പകരുമോ എന്നും ചിന്തിക്കുന്ന നമ്മളിൽ പലരും രോഗിയുടെ ശ്വസനവ്യവസ്‌ഥയിലെ സ്രവങ്ങളടക്കം നേരിട്ട്‌ കൈകാര്യം ചെയ്യുമ്പോൾ തന്നിലൂടെ വീട്ടിലിരിക്കുന്നവർക്ക്‌ രോഗം പകരുമോ എന്ന ആന്തലിൽ, ആ സമ്മർദത്തിൽ തുടർച്ചയായി ജോലി ചെയ്യുന്ന നേഴ്‌സിനെ വിദൂരചിന്തയിലെങ്കിലും പരിഗണിച്ചിട്ടുണ്ടോ? അതവരുടെ ജോലിയല്ലേ എന്നാവും. ആണെങ്കിൽ അതിന്റെ സമ്മർദം അവർക്കനുഭവപ്പെടില്ലേ? മെഷീന്റെയല്ല, മനുഷ്യന്റെ കുഞ്ഞുങ്ങളാണ്‌.

ഡോക്‌ടർ പറയുന്ന നിർദേശം അണുവിട തെറ്റാതെ പിൻതുടരുന്ന പ്രഷറും, നേഴ്‌സസ്‌ നോട്ട്‌ എഴുതലും നേഴ്‌സിങ്ങ്‌ സുപ്രണ്ടിന്റെ ചീത്തയും വാർഡിലെ ഓരോ കാര്യവും ശ്രദ്ധിക്കേണ്ടതും വീട്ടിൽ വരാത്തതിനും വിളിക്കാത്തതിനും ഭർത്താവിന്റെ കുത്തിപ്പറച്ചിലും കുഞ്ഞിന്റെ ചിണുങ്ങലുകളും എല്ലാം കൂടി വന്ന്‌ പുകയുന്ന തലകളെ ഓർത്തിട്ടുണ്ടോ? ഓപിയിലെ മണിക്കൂറുകൾ നീണ്ട നിൽപ്‌ രസകരമാണെന്ന്‌ കരുതുന്നോ? ഓപിക്ക്‌ പുറത്ത്‌ കാണുന്ന അക്ഷമയും അസഭ്യം പറച്ചിലും നെഗറ്റിവിറ്റിയും പ്രഫഷനലി എടുക്കേണ്ടി വരുന്ന ഗതികേട്‌? അറിയാതെ പോലും പ്രതികരിച്ച്‌ പോയാൽ നേരിടേണ്ടി വന്നേക്കാവുന്ന വിചാരണകൾ?

JPHN എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നേഴ്‌സുമാരെ അറിയാമോ? തന്റെ ഏരിയയിലെ എത്ര കുട്ടികളുണ്ട്‌, എത്ര ഗർഭിണികളുണ്ട്‌, അവരിലെത്ര പേർക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ട്‌, എത്ര പേർ കുത്തിവെപ്പെടുത്തു, എടുത്തില്ല, എത്ര പേർക്ക്‌ ഇരുമ്പ് ഗുളികകൾ നൽകണം, ഗർഭനിരോധനമാർഗങ്ങൾ നൽകണം, എന്തൊക്കെ രോഗാവസ്‌ഥകൾ റിപ്പോർട്ട് ചെയ്യണം എന്ന്‌ തുടങ്ങി എന്തും ഉറക്കത്തിൽ വിളിച്ച്‌ ചോദിച്ചാൽ പറയുമവർ. ഇന്ന്‌ കേരളം വേസ്‌റ്റേജ്‌ ഒരു തരിയില്ലാതെ കോവിഡ്‌ വാക്‌സിനേഷൻ നടത്തുന്നതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന്‌ അവരുടെ കൂടി കഠിനാധ്വാനമാണ്‌. കേരളത്തിൽ വാക്‌സിൻ പ്രതിരോധ്യരോഗങ്ങൾ കുത്തനെ കുറവ്‌ വന്നതിൽ അവർ വഹിക്കുന്ന പങ്ക്‌ അത്ര മേലാണ്‌. ഫീൽഡ് വർക്കിന്‌ ഇറങ്ങിയ വഴിയിൽ ഭയപ്പെട്ട്‌ ഓടേണ്ടി വന്നവരും, രാവേറിയാലും ഡാറ്റ എൻട്രി കഴിയാത്തവരും അത്‌ കൊണ്ടൊക്കെ ധാരാളം കുടുംബപ്രശ്‌നമുള്ളവരുമൊക്കെയാണ്‌. ഇതിനൊക്കെ കൂടി എന്ത് കിട്ടും? ശമ്പളമൊക്കെ പതിവ്‌ പോലെ തന്നെ, ആട്ടും തുപ്പും യഥേഷ്‌ടമുണ്ട്‌, ടെൻഷനുണ്ട്‌, ആരോഗ്യപ്രശ്‌നങ്ങളുണ്ട്‌, സങ്കടങ്ങളുണ്ട്‌.

നന്ദിവാക്ക്‌ വല്ലോം കിട്ടുമോ? ഇപ്പ കിട്ടും നോക്കിയിരുന്നാൽ മതി. അപ്പോൾ നേഴ്‌സാകുന്നത്‌ ഇത്രക്ക്‌ ദുരിതമാ, ദുരന്തമാ?? അല്ല, ഏറ്റവും നല്ല ജോലികളിലൊന്ന്‌, ഏറ്റവും ആത്മസംതൃപ്‌തി ലഭിക്കുന്ന ജോലികളിലൊന്ന്‌, മനുഷ്യനെ ജീവനോടെ നിലനിർത്തുന്ന കർമ്മങ്ങളിലൊന്ന്‌. പക്ഷേ, സദാ റൊമാന്റിസൈസ്‌ ചെയ്യുന്നതിലുപരി ചില സത്യങ്ങൾ വിളിച്ച്‌ പറയണമെന്ന്‌ തോന്നി. പറയാതിരിക്കുന്നത്‌ തെറ്റെന്ന്‌ തോന്നി. ഒരു ദിവസം സുഖിപ്പിച്ച്‌ നിർത്തുന്നത്‌ കൊണ്ട്‌ ഇവിടൊന്നും മാറുന്നില്ല, വസ്‌തുതകളാണ്‌ പറയേണ്ടത്‌.ഇത്രയും നാളും കൂടെ നിന്ന, കുറേയേറെ കാര്യങ്ങൾ പഠിപ്പിച്ച, സ്‌നേഹവും സൗഹാർദവും തന്ന, ഇഷ്‌ടത്തോടെ തിരുത്തി തരാളുള്ള പ്രിയപ്പെട്ട സിസ്‌റ്റർമാർക്ക്‌, ബ്രദേഴ്‌സിന്‌… ഞങ്ങളുടെ സന്തതസഹചാരികൾക്ക്‌….നന്ദി. സ്‌നേഹം അന്താരാഷ്ട്ര നേഴ്‌സസ്‌ ദിനാശംസകൾ.