ഇഷ്ടമില്ലാത്ത പരസ്യങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട്, കനി കുസൃതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് നടി. തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയാന്‍ യാതൊരു മടിയും കാണിക്കാറില്ലാത്ത നടിയാണ് കനി. പരസ്യങ്ങളിലും കട ഉദ്ഘാടനങ്ങളിലും കനിയെ കാണാറില്ല. ഇതിന്റെ കാരണം ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാാണ് കനി.

കനി കുസൃതിയുടെ വാക്കുകള്‍; ‘ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കാത്തത് കൊണ്ടല്ല, താല്പര്യമില്ല. പരസ്യങ്ങളും അങ്ങനെ തന്നെ. ചില ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. എന്നാല്‍ പല ബ്രാന്‍ഡുകളോടും എത്തിക്കല്‍ പ്രശ്‌നങ്ങളുണ്ട്. പരസ്യങ്ങളുടെ കഥ ഇഷ്ടപ്പെടാത്തത് കൊണ്ടോ ഉത്പന്നം പ്രൊമോട്ട് ചെയ്യാന്‍ താല്പര്യമില്ലാത്തത് കൊണ്ടോ ആകാം. സ്റ്റേജ് ഷോകളില്‍ ഡാന്‍സറായി സിനിമയിലെത്തും മുന്‍പേ ചെയ്തിരുന്നു. പതിനൊന്നു വര്‍ഷമായി ഒറ്റയ്ക്ക് താമസിക്കുന്നത് കൊണ്ട് സാമ്ബത്തികം എന്നെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഒരിക്കലും കോംപ്രമൈസ് ചെയ്യില്ല എന്ന മട്ടില്‍ ജീവിക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെ ഇഷ്ടമില്ലാത്ത പരസ്യങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട്.

മിനിമം ജീവിക്കാനുള്ള പണം കണ്ടെത്തണം. കുട്ടിക്കാലത്തെ എനിക്ക് സേവിംഗ്‌സ് ഉണ്ട്. അക്കാര്യത്തില്‍ ഞാന്‍ അച്ഛനെയും അമ്മയേയും പോലെയല്ല. അവര്‍ ഒരുപാട് പണമൊന്നും ഉണ്ടാക്കിവെച്ചിട്ടില്ല. സേവ് ചെയ്യുന്നവരുമല്ല. ആവശ്യമുള്ളവര്‍ക്ക് കൈയ്യിലുണ്ടെങ്കില്‍ കൊടുക്കുന്ന ആളുകളാണ് രണ്ടാളും. പ്രത്യേകിച്ച് മൈത്രേയന്‍. എനിക്കാണെങ്കില്‍ ചെറുതിലെ മുതലേ തന്നെ എന്റെ സ്‌പേസ് വേണം. ചെറിയ വീട് വയ്ക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പോണ്ടിച്ചേരിയില്‍ ചെറിയൊരു സ്ഥലം വാങ്ങിയിട്ടുണ്ട്. പെട്ടെന്നൊരു പ്രതിസന്ധി വന്നാല്‍ തരണം ചെയ്യാനുള്ള കരുതലൊക്കെ എനിക്കുണ്ട്’.