കണ്ണൂരിലെ സ്ഫോടനം, മൂന്ന് പേർ അറസ്റ്റിൽ, തെളിവെടുപ്പ് നടത്തുന്നു

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷബിന്‍ലാല്‍, കുന്നോത്തുപറമ്പ് സ്വദേശി അതുല്‍, ചെണ്ടിയാട് സ്വദേശി അരുണ്‍ എന്നിവരെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റൊരാള്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇവരില്‍ ഒരാളുമായി ശനിയാഴ്ച രാവിലെ 11.30-ഓടെ പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് ആരംഭിച്ചു. ബോംബ് നിര്‍മാണം നടന്ന വീട്ടിലും പരിസരത്തുമാണ് തെളിവെടുപ്പ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് പോലീസ് എത്തുകയാണ്. ആശുപത്രിയിൽ ചികിത്സ തേടി പരിക്കേറ്റ നിലയിൽ ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സമീപജില്ലകളിലെ ആശുപത്രികളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട എട്ട് പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തോളം പേർ സംഭവസ്ഥലത്തുണ്ടായിരുന്നതായാണ് പ്രാഥമിക നി​ഗമനം.

പാനൂർ മൂളിയന്തോട് വീടിനുള്ളിൽ ബോംബ് നിർമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. ലോട്ടറി കച്ചവടക്കാരനായ മനോഹരൻ എന്നയാളുടെ നിർമാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു സ്ഫോടനം. സിപിഎം അനുഭാവിയായ ഷെറിൽ എന്നയാൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. ​ഗുരുതരമായി പരിക്കേറ്റ വിനീഷ് ആശുപത്രിയിലാണ്. ഇയാളാണ് ബോംബ് നിർമാണം ആസൂത്രണം ചെയ്തത്. പ്രാദേശിക സിപിഎം നേതാവിന്റെ മകൻ കൂടിയാണ് വിനീഷ്.

ഇവരുടെ വീടിന് സമീപത്തായിരുന്നു സ്ഫോടനം നടന്നത്. വിനോദ്, അശ്വത് എന്നിവർക്കും പൊട്ടിത്തെറിയിൽ പരിക്കേറ്റിരുന്നു. ഇവർ കോഴിക്കോട്, പരിയാരം മെഡിക്കൽ കോളേജുകളിലായി ചികിത്സയിലാണ്. എന്നാൽ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ.