സിദ്ധരാമയ്യ അഞ്ച് വർഷം തുടരുമെന്ന് എംബി പാട്ടീൽ, കർണാടക കോൺഗ്രസിൽ വീണ്ടും ഭിന്നത

ബെംഗളൂരു: സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അഞ്ചുവർഷം തുടരുമെന്നും അധികാരം പങ്കിടാനുള്ള തീരുമാനമില്ലെന്നും മന്ത്രി എം.ബി. പാട്ടീൽ. ഇത് കർണാടക കോൺഗ്രസിൽ അസ്വാരസ്യങ്ങൾക്ക് തുടക്കം കുറിച്ചു. സർക്കാരിന്റെ ആദ്യ രണ്ടരവർഷം സിദ്ധരാമയ്യയും ബാക്കി ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നായിരുന്നു പാർട്ടി ഹൈക്കമാൻഡ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തിനായി ഇരുനേതാക്കളും തമ്മിലുള്ള തർക്കത്തിനൊടുവിലായിരുന്നു ഈ തീരുമാനം.

എന്നാൽ സിദ്ധരാമയ്യ തന്നെ അഞ്ചു കൊല്ലവും ഭരിക്കുമെന്നാണ് കർണാടക മന്ത്രിയായ എം.ബി പാട്ടീൽ നടത്തിയ പ്രസ്താവന.എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ ഡികെ ശിവകുമാർ തയ്യാറായില്ല. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഡികെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷ് ഇതിനെതിരെ രംഗത്ത് വന്നു. ഇതിന് മറുപടി പറയാൻ തനിക്ക് അറിയാമെന്നും എന്നാൽ പറയുന്നില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അധികാരക്കൈമാറ്റത്തിന്റെ കാര്യം പാർട്ടി ഹൈക്കമാൻഡ് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായും സ്ഥാനമേൽക്കുമെന്നുമാത്രമാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും രൺദീപ് സിങ് സുർജേവാലയും പറഞ്ഞത്. ഇതിനു ചുവടുപിടിച്ചായിരുന്നു എം.ബി. പാട്ടീലിന്റെ പ്രതികരണം.