സമ്മാനമില്ലെന്ന് കരുതി കളയാന്‍ തുടങ്ങിയ ടിക്കറ്റിന് 80 ലക്ഷം, ഒപ്പം എടുത്ത ഒമ്പത് ടിക്കറ്റിനും സമ്മാനം, ഒരൊന്നൊര ലോട്ടറിയടി

വിഴിഞ്ഞം: ഭാഗ്യം പലര്‍ക്കും പല വിധത്തിലാണ് എത്തിച്ചേരുന്നത്. തനിക്ക് ലഭിച്ച ഭാഗ്യത്തില്‍ ഇപ്പോഴും വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് വിഴിഞ്ഞം നിവാസിയായ സിറാജുദ്ദീന്‍. ഭാഗ്യങ്ങളുടെ പരമ്പരയാണ് സിറാജുദ്ദീനെ തേടിയെത്തിയത്. കാരുണ്യ ലോട്ടറിയുടെ രൂപത്തിലാണ് അദ്ദേഹത്തിന്റെ പക്കലേക്ക് ഭാഗ്യം തേടിയെത്തിയത്.

സമ്മാനം ഒന്നുമില്ലെന്ന് വിചാരിച്ച് സിറാജുദ്ദീന്‍ തന്റെ ലോട്ടറി കളയാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ പിന്നീട് നോക്കിയപ്പോഴാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനം അടിച്ചിരിക്കുന്നത് വ്യക്തമായത്. മാത്രമല്ല ഈ ടിക്കറ്റിന് ഒപ്പം എടുത്ത ഒമ്പത് ടിക്കറ്റുകള്‍ക്കും സമ്മാനമുണ്ടെന്നും അറിഞ്ഞതോടെ സിറാജുദ്ദീന്‍ ഞെട്ടി. ഒന്നാം സമ്മാനമായ 80 ലക്ഷത്തിന് പുറമെ അതിനൊപ്പമെടുത്ത ഒമ്പത് ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതവും സമ്മാനം ലഭിച്ചു.

ലോട്ടറി ടിക്കറ്റ് എടുക്കല്‍ ഒരു ഹരമായി മാറ്റിയിരിക്കുന്ന ആളാണ് പുല്ലൂര്‍ക്കോണം പ്ലാമൂട്ടുവിള വീട്ടില്‍ സിറാജുദ്ദീന്‍. കഴിഞ്ഞ 20 ലേറെ വര്‍ഷമായി അദ്ദേഹം ഇത് തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ ഫലം വന്നപ്പോഴും 5000 രൂപ വരെയുള്ള സമ്മാനത്തില്‍ മാത്രമേ സിറാജുദീന്‍ തന്റെ ലോട്ടറി ടിക്കറ്റ് നമ്പര്‍ തിരഞ്ഞുള്ളൂ. സമ്മാനം ഇല്ലെന്നു കണ്ട് ടിക്കറ്റ് ഉപേക്ഷിക്കാന്‍ ഒരുങ്ങവേ ആണ് താന്‍ ടിക്കറ്റ് വാങ്ങിയ വനിത ഓടി എത്തി സിറാജുദീനിന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നു പറയുന്നത്.

ബാലരാമപുരത്തെ ഹോട്ടലിലെ തൊഴിലാളിയാണ് സിറാജുദ്ദീന്‍. സ്വന്തമായി വീട് ഇല്ലാത്ത സിറാജുദീനും ഭാര്യ സീനത്തും ബന്ധുവീട്ടിലാണ് കഴിയുന്നത്. വീടും സ്ഥലവും വാങ്ങണം എന്നതാണ് ആദ്യ ആഗ്രഹം. ഷഹീറ, ഷഹീര്‍, ഷെബീദ എന്നിവരാണ് മക്കള്‍.