കട്ടപ്പന ഇരട്ടക്കൊലപാതകം, പ്രതിയുമായി തെളിവെടുപ്പ്, വീടിന്റെ തറ പൊളിച്ച് പരിശോധന

കട്ടപ്പന: കട്ടപ്പനയില്‍ വിജയന്‍ എന്നയാളെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പിന് കാഞ്ചിയാറിലെ വീട്ടിലെത്തി. വയോധികനെ കുഴിച്ചിട്ടതെന്ന് കരുതുന്ന വീടിന്റെ തറ പൊളിച്ച് പരിശോധന നടത്താനാണ് പോലീസ് നീക്കം. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം മറ്റൊരു പ്രതി വിഷ്ണു വീട് വാടകയ്ക്ക് എടുത്തത് അജിത്ത് എന്ന കള്ളപ്പേരിലാണെന്ന് വീട്ടുടമ സോളി വ്യക്തമാക്കി. തനിക്ക് 17 വർഷം പരിചയമുള്ള പ്രദേശവാസികൾ ഇടനില നിന്നുകൊണ്ടാണ് വീട് വാടകയ്ക്ക് നൽകിയതെന്നും സോളി പറഞ്ഞു.

പൊതു വഴിയിൽ നിന്ന് മാറി കുറച്ച് ഉയരത്തിലാണ് സംഭവം നടന്നതെന്ന് കരുതുന്ന വീട് സ്ഥിതി ചെയ്യുന്നത്. ഏലച്ചെടികളും മരങ്ങളും ഉയരത്തിൽ നിൽക്കുന്നതിനാൽ വീട് വ്യക്തമായി കാണാൻ സാധിക്കുകയില്ല. മാത്രമല്ല ഇവരെ പരിചയമില്ലെന്നാണ് പരിസരവാസികൾ പറയുന്നത്.

2016ല്‍ കട്ടപ്പനയിലെ വീട്ടില്‍ വച്ച് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതകമാണോ ഇതെന്നും പരിശോധിക്കും. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്തും പരിശോധന നടത്തിയേക്കും.

അതേസമയം, വിജയനെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് താനാണെന്ന് നിതീഷിന്റെ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കട്ടപ്പനയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന നിതീഷിനെ ഇന്നലെ ഉച്ചക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. തുടര്‍ന്ന് ഇടുക്കി എസ്പി ടികെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇതിലാണ് മോഷണക്കേസില്‍ ഒപ്പം പിടിയിലായ വിഷ്ണുവിന്റെ പിതാവായ വിജയനെയും വിഷ്ണുവിന്റെ സഹോദരിയും താനുമായുള്ള ബന്ധത്തില്‍ ജനിച്ച നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിച്ചത്