കുഞ്ഞ് ജനിച്ചയുടനെ അമ്മ കയ്യും തുണിയും ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു

ഇടുക്കി കട്ടപ്പനയിലെ ഹോസ്റ്റൽ മുറിയിൽ അവിവാഹിതയായ യുവതി ജന്മം നൽകിയ ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് തന്നെയെന്ന് വ്യക്തമായി. കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ്ജ് ചെയ്തപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബാങ്ക് ഉദ്യോഗസ്ഥയും അവിവാഹിതയുമായ മൂലമറ്റം വടക്കേടത്ത് അമലു ജോർജ്(27) ആണ് അറസ്റ്റിലായത്. യുവതി കയ്യും തുണിയും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രസവശേഷം ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

ബാങ്കിൽ കാഷ്യറായ യുവതി അതേ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന വിവരം കാമുകന് അറിയാമായിരുന്നെങ്കിലും കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു. ഡിവൈഎസ്പി എൻ.സി.രാജ്മോഹൻ, എസ്എച്ച്ഒ വിശാൽ ജോൺസൻ, എസ്‌ഐ സന്തോഷ് സജീവ്, എഎസ്‌ഐ സജി തോമസ്, സിപിഒമാരായ പ്രീതി, റഫിയ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. നവജാത ശിശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നുകഴിഞ്ഞപ്പോഴാണ് കൊലപാതകമാണെന്ന കാര്യത്തിൽ വ്യക്തത വന്നത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തലയിൽ മുറിവും ഉണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതിയെ ഡിസ്ചാർജ് ചെയ്താൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ഇടുക്കിയിലെ സ്വകാര്യ ഹോസ്റ്റലിൽ ഈ മാസം 21ന് പുലർച്ചെയായിരുന്നു സംഭവം. മൂലമറ്റം വടക്കേടത്ത് അമലു ജോർജ് താൻ ഗർഭിണിയാണെന്ന വിവരം ഒപ്പം താമസിച്ചിരുന്ന മൂത്ത സഹോദരിയോടു പോലും മറച്ചുവച്ചാണ് കഴിഞ്ഞിരുന്നത്. പ്രസവത്തിനു മുൻപ് അസ്വസ്ഥത അനുഭവപ്പെട്ട യുവതി ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്കു പറഞ്ഞയച്ചു. സഹോദരി തിരികെ എത്തിയപ്പോഴാണ് യുവതി ആൺകുഞ്ഞിനു ജന്മം നൽകിയതായി കണ്ടത്. തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. പ്രസവിക്കുമ്പോൾ കുഞ്ഞ് മരിച്ചനിലയിൽ ആയിരുന്നെന്നാണ് യുവതി പൊലീസിനു മൊഴി നൽകിയിരുന്നത്.