രാഹുലിന്റെ സാന്നിധ്യം അനുകൂലമാകും, കേരളത്തിൽ മുഴുവൻ സീറ്റുകളും സ്വന്തമാക്കി യുഡിഎഫിന് ആധിപത്യം, സിവോട്ടര്‍ അഭിപ്രായ സര്‍വ്വേ

ന്യൂഡൽഹി∙ വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഇത്തവണയും യുഡിഎഫിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് സർവേ.
കേരളത്തിൽ മുഴുവൻ സീറ്റുകളും സ്വന്തമാക്കി യുഡിഎഫിന് ആധിപത്യം നിലനിർത്താൻ കഴിയുമെന്ന് എബിപി ന്യൂസ് – സിവോട്ടർ അഭിപ്രായ സർവേ.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ല്‍ 20 സീറ്റുകളിലും ജയിക്കും. 31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് വിഹിതം നേടുന്ന ബിജെപി മുന്നണിക്കോ ഒരു സീറ്റിലും ജയിക്കാനാവില്ലെന്നും സര്‍വ്വേ പറയുന്നു. മറ്റുപാര്‍ട്ടികള്‍ 4.3 ശതമാനം വോട്ടുകള്‍ പിടിക്കുമെന്നും പറയുന്നു.

നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയിടങ്ങളിലെല്ലാം അവർ സമ്പൂർണ ആധിപത്യം ഉറപ്പിക്കും. എന്നാൽ‌ സഖ്യകക്ഷി ചർച്ചകൾ നടക്കുന്ന തമിഴ്നാട്ടിൽ ബിജെപിക്ക് നിരാശയാകുമെന്നും അവിടെ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.