ബജറ്റിൽ സംസ്ഥാനത്തെ കോർട്ട് ഫീസുകളും അപ്പീൽ ഫീസുകളും വർധിപ്പിച്ചു

തിരുവനന്തപുരം. സംസ്ഥാനത്തെ കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചു. വിഭവസമാഹരണത്തിന്റെ ഭാഗമായിട്ടാണ് കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചതെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറയുന്നത്. നിലവില്‍ ചെക്ക് കേസുകള്‍ക്കായുള്ള കോടതി ഫീസ് നിലവില്‍ പത്ത് രൂപയാണ്. ഇത് ചെക്കിലെ തുക അനുസരിച്ച് വര്‍ധിപ്പിച്ചു. ചെക്കില്‍ 10000 രൂപയാണെങ്കില്‍ ഇനിമുതല്‍ കോടതി ഫീസ് 250 രൂപയായിരിക്കും.

10000 മുതല്‍ മൂന്ന് ലക്ഷം വരെയുള്ള ചെക്കിലെ തുകയുടെ അഞ്ച് ശതമാനമായിരിക്കും ഫീസായി ഈടാക്കുക. ഇത്തരം കേസുകളില്‍ അപ്പീല്‍ പോകുന്നതിനുള്ള ഫീസും ഒഴിവാക്കിയിട്ടുണ്ട്. കുറ്റാരോപിതന്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമ്പോള്‍ 1000 രൂപയാണ് ഫീസ് നല്‍കേണ്ടിവരിക. പരാതിക്കാരന്‍ ഹൈക്കോടതിയില്‍ അപ്പീല്ഡ നല്‍കുകയാണെങ്കില്‍ വിചാരണക്കോടതിയില്‍ നല്‍കിയ ഫീസിന്റെ പകുതി നല്‍കണം.

റിവിഷന്‍ പെറ്റീഷനാണ് ഹൈക്കോടതിയില്‍ നല്‍കുന്നതെങ്കില്‍ പരാതിക്കാരന്‍ പത്ത് ശതമാനം കോടതി ഫീസായി നല്‍കണം. കുടുംബകോടതികളില്‍ ഫയല്‍ ചെയ്യുന്ന വസ്തുസംബന്ധമായ കേസുകളുടെ കോടതി ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള കേസുകളില്‍ 200 രൂപയും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള കേസുകളില്‍ അവകാശപ്പെടുന്ന തുകയുടെ അരശതമാനവുമാണ് വര്‍ധിപ്പിച്ചത്.