വാക്‌സിനായി കൈകോര്‍ത്ത് കേരളം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ചത് ഒരു കോടി

തിരുവനന്തപുരം: സംസ്ഥാനം വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ കമ്പനികളില്‍ നിന്ന് സംസ്ഥാനം നേരിട്ട് വാക്‌സിന്‍ വാങ്ങണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി ഉണ്ടായിട്ടില്ല. എന്നാല്‍ കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സജന്യമായി നല്‍കും എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നത് വരെ കാത്ത് നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹമാണ് ഉണ്ടായത്. ഇന്ന് മാത്രം ഒരു കോടി രൂപ വാക്‌സിന്‍ വാങ്ങുന്നതിനായി ലഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒപ്പം ജനം നല്‍കുന്ന തുക സംഭരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രത്യേകം അക്കൗണ്ട് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടത്തില്‍ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും ഒത്തൊരുമിക്കുന്ന ജനതയാണിത്. സിഎംഡിആര്‍എഫിലേക്ക് ഇന്നലെ മുതല്‍ സംഭാവനകള്‍ പ്രവഹിക്കുകയാണ്. ലോകത്തിന് മാതൃകയായ ജനത ആരുടെയും ആഹ്വാനം അനുസരിച്ചല്ല, മറിച്ച് സ്വയമേ മുന്നോട്ട് വന്നാണ് സംഭാവനകള്‍ നല്‍കുന്നത്. ഇന്നുമാത്രം ഒരു കോടിയിലധികം രൂപ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി വ്യമാത്രമല്ല ക്തമാക്കി. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സംഭാവനകളെത്തുന്നു.എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകണം. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിന് കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. വാക്‌സീനേഷന്‍ ശക്തമായി നടപ്പിലാക്കി എത്രയും വേഗം മഹാമാരിയില്‍ നിന്ന് മുക്തി നേടണം. സാമ്പത്തികമായ വേര്‍തിരിവുകളെ മറികടന്ന് ഏറ്റവും സാധാരണക്കാരനായ ആള്‍ക്കും വാക്‌സീന്‍ ലഭ്യമാക്കാന്‍ ഒന്നിച്ചു നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു