പൊതുധനം കൈകാര്യംചെയ്യുന്നത്തിൽ കേരളം പോരാ, സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ മറുപടി

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്ന സംസ്ഥാനത്തിന്റെ പരാതിക്ക് രൂക്ഷ‌മറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍. കേരളം പൊതുധനം കൈകാര്യംചെയ്യുന്നത് ഉചിതമായ രീതിയിലല്ലെന്നാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.

കടമെടുപ്പിന് പരിധി നിശ്ചയിച്ച് സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നെന്നുകാട്ടി കേരളം സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ വിശദമായ കുറിപ്പ് നൽകിയത്. കിഫ്ബി, കെ.എസ്.എസ്.പി.എല്‍. എന്നിവയില്‍നിന്ന് 2016-17 മുതല്‍ 2021-22 വരെ 42,285 കോടിയാണ് സംസ്ഥാനസര്‍ക്കാര്‍ കടമെടുത്തത്.

നിയമവും വായ്പപ്പരിധിയും മറികടക്കാനാണ് കേരളം ബജറ്റില്‍ ഉള്‍പ്പെടുത്താതെ കിഫ്ബി, കെ.എസ്.എസ്.പി.എല്‍. (കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്) എന്നിവയില്‍നിന്ന് വായ്പയെടുക്കുന്നതെന്ന് കേന്ദ്രം ആരോപിച്ചു. സ്വന്തമായി വരുമാനമാര്‍ഗമില്ലാത്ത ഈ സ്ഥാപനങ്ങളില്‍നിന്ന്‌ എടുക്കുന്ന വായ്പകള്‍ സംസ്ഥാനസര്‍ക്കാരിന്റെ സഞ്ചിതനിധിയില്‍നിന്ന്‌ തിരിച്ചടയ്ക്കേണ്ടിവരും.