മൂർഖൻ പാമ്പിനെ മൈക്കായി ഉപയോഗിച്ച വാവ സുരേഷിനെതിരേ കേസെടുത്തു

വീടുകളിലും പറമ്പുകളിലും പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന വ്യക്തിയാണ് വാവാ സുരേഷ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന സെമിനാറിൽ വിഷപാമ്പുകളെ പ്രദർശിപ്പിച്ചത് വലിയ തോതിൽ വിവാദമായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. ഡി.എഫ്.ഒയുടെ നിർദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ് സർവീസ് ഡിപ്പാർട്ട്‌മെന്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് പാമ്പുകളുമായി ക്ലാസെടുത്ത്. ചടങ്ങിനിടെ മൈക്ക് തകരാറിലായപ്പോൾ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതോടെയാണ് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്ത്. പാമ്പുകളെ പ്രദർശിപ്പിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കാരണങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

ശാസ്ത്രീയ വിഷയം കൈകാര്യം ചെയ്യുന്ന ക്ലാസിൽ പാമ്പിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്തത് തെറ്റാണ് എന്ന തരത്തിലായിരുന്നു വിമർശനം. പാമ്പുകളെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനെതിരെ വാവ സുരേഷിനെതിരെ നേരത്തെയും വിമർശനം ഉയർന്നിരുന്നു.

അതേ സമയം. ഇതുവരെ അരലക്ഷത്തോളം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ പെട്ടു പോകുന്ന അപൂർവ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നിവയെല്ലാം സുരേഷ് ചെയ്തുവരുന്നു. പാമ്പിനെ പിടിക്കാൻ വാവ സുരേഷ് പ്രത്യേകം കാശൊന്നും വാങ്ങാറില്ല എന്നതുതന്നെയാണ് വാവ സുരേഷിനെ ജനപ്രിയനാക്കുന്നത്. മറ്റു പാമ്പ് പിടിത്തക്കാർ 5000 രൂപവരെ ഈടാക്കുമ്പോഴാണ് വാവ സുരേഷിന്റെ സൗജന്യ സേവനം.

പാമ്പുപിടിത്തതിനിടെ പലവട്ടം കടിയേറ്റിട്ടും വിദഗ്ധ ചികിത്സയിലൂടെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി. നിരവധി തവണ പാമ്പ് കടിയേറ്റിട്ടുള്ളതിനാൽ പാമ്പിൻ വിഷത്തിനെതിരായ ചില ആന്റിബോഡികൾ വാവ സുരേഷിന്റെ ശരീരത്തിലുള്ളതായി തെളിഞ്ഞിട്ടുണ്ട്. നാല് തവണ സുരേഷ് ഐസിയുവിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 250ൽ അധികം തവണ പാമ്പുകടിയേറ്റു. ഒരിക്കൽ ഒരു മൂർഖൻ കടിയേറ്റതിനെത്തുടർന്ന് വാവ സുരേഷിന്റെ വിരലുകളിലൊന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. 2012ൽ സർപ്പ ദംശനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ വലത് കൈവെള്ളയിലെ ചർമ്മം മാറ്റി വെയ്ക്കേണ്ടുന്നതായും വന്നു.