വാക്സിനേഷനില്‍ മുന്നേറി കേരളം,​ 96.8 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് കൊവിഡ് വാക്‌സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക് (2,58,72,847) ആദ്യ ഡോസ് വാക്‌സിനും 70.37 ശതമാനം പേര്‍ക്ക് (1,87,96,209) രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,46,69,056 ഡോസ് വാക്‌സിനാണ് നല്‍കിയത്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 86.52 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 53.84 ശതമാനവുമാകുമ്ബോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നതെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം നടന്നു വരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. പ്രത്യേക വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി പ്രതിദിന വാക്‌സിനേഷനും കൂടിയിട്ടുണ്ട്.

കൊവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കൊവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കൊവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണെ്. ഇനിയും വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.