സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറിന പദ്ധതികള്‍; ലൈഫ് മിഷന്‍ പദ്ധതിക്ക് 2,080 കോടി; പ്രവാസികള്‍ക്ക് 3000 രൂപ പെന്‍ഷന്‍

സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറിന പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്നൊവേഷന്‍ സോണുകള്‍ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റാര്‍ട്ട്അപ്പുകളെ ബോധപൂര്‍വം ബന്ധപ്പെടുത്തുന്ന പരിപാടിയാണിതെന്നും മന്ത്രി പറഞ്ഞു.

ഇന്നൊവേഷന്‍ പ്രോത്സാഹന സ്‌കീമുകളിലൂടെ രൂപംകൊള്ളുന്ന ഉത്പന്നങ്ങളെ വാണിജ്യ അടിസ്ഥാനത്തില്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കും. ഐടിയില്‍ മാത്രമല്ല മറ്റ് മേഖലകളിലും സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കും.

ലൈഫ് മിഷന്‍ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക്. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്ക് 40,000 വീടുകളും പട്ടിക വര്‍?ഗക്കാര്‍ക്ക് 12,000 വീടുകളും നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. 202122 ല്‍ ലൈഫ് മിഷനില്‍ നിന്ന് 300 കോടി ചിലവില്‍ 7500 വീടുകള്‍ നിര്‍മിച്ചു നല്‍കും. അന്‍പത് മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ 250 കോടി രൂപ ചിലവഴിച്ച് പുനരധിവസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രവാസികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിദേശത്തെ ജോലി മതിയാക്കി മടങ്ങിവരുന്ന പ്രവാസികള്‍ക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവര്‍ക്ക് 3500 രൂപയുമാണ് പെന്‍ഷന്‍ അനുവദിക്കുക. ബജറ്റ് അവതരണ പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി നടപ്പാക്കും. പദ്ധതിക്കുവേണ്ടി 100 കോടി രൂപയും സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും വകയിരുത്തും. മടങ്ങിവരുന്നവരുടെ പട്ടിക തയ്യാരാക്കി ഇവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി. തുടര്‍ന്ന് വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. കൊവിഡിനു ശേഷം പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.