കേരളം തീവ്രവാദികളുടെ ഹോട്ട്‌സ്‌പോര്‍ട്ട്; ജനങ്ങള്‍ക്ക് സുരക്ഷയില്ലാതെയായി- ജെപി നഡ്ഡ

തിരുവനന്തപുരം. കേരളത്തില്‍ ജനങ്ങള്‍ക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണ്. തീവ്രവാദികളുടെ ഹോട്ട്‌സ്‌പോര്‍ട്ടായി കേരളം മാറിയെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കേരളത്തില്‍ വര്‍ഗ്ഗിയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും കവടിയാറില്‍ ബൂത്ത് ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അഴിമതിക്കാരെ സഹായിക്കുന്ന സര്‍ക്കാരാണ് ഭരിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കെടത്ത് കേസില്‍ ബന്ധമുണ്ട്. സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ള വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തു. ഇഷ്ടക്കാരെ നിയമിക്കുവനാണ് ഇപ്പോള്‍ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

കോവിഡ് കാലത്ത് വലിയ തോതില്‍ മരുന്നുകളിലും സാധനങ്ങളിലും ക്രമക്കേട് നടന്നു. ലോകായുക്ത നിയമത്തെ ദുര്‍ബലപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇത് അനുവദിക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പ്രത്യയശാസ്ത്രപരമായി വലിയ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുമ്പോഴും അതിന്റെ നയങ്ങളില്‍ വെള്ളം ചേര്‍ത്തുവെന്നും. അഴിമതിയും കുടുംബാധിപത്യവുമാണ് സിപിഎമ്മിനെ നയിക്കുന്നതെന്നും ജെപി നഡ്ഡ പറഞ്ഞു.

ബന്ധുക്കളെ നിയമിക്കുവനാണ് ഇപ്പോള്‍ സിപിഎം മുന്‍ഗണന നല്‍കുന്നത്. ഈ രീതി മുമ്പ് ഉണ്ടായിരുന്നില്ല. കേരളത്തിന്റെ മൊത്തം കടം 3.30 ലക്ഷം കോടിയാണ്. സാമ്പത്തിക അച്ചടക്കം ഇല്ലാത്തതാണ് കേരളത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.