എല്ലാ ദിവസവും കടകള്‍ തുറക്കണം; വ്യാപാരികള്‍ ഹൈക്കോടതിയില്‍

കൊച്ചി: സമരവും നിയമ പോരാട്ടവും ശക്തമാക്കി വ്യാപാരികള്‍. കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ്. ഇത് പിന്‍വലിക്കണം. പ്രതിസന്ധിയിലായ വ്യാപാരികളെ സഹായിക്കാന്‍ പ്രത്യേക സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സമരം ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ സമരം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഉറപ്പിന്‍മേല്‍ പിന്‍മാറി. എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല എന്നാണ് വ്യാപാരികളുടെ കുറ്റപ്പെടുത്തല്‍. തുടര്‍ന്നാണ് അവര്‍ സമരത്തിന് വീണ്ടും ഒരുങ്ങുന്നത്. വരും ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ സംഘടിപ്പിക്കും. ആഗസ്റ്റ് ഒമ്ബത് മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.

നിരവധി വിഷയങ്ങളാണ് വ്യാപാരികള്‍ ഉന്നയിക്കുന്നത്. പതിവായി അടച്ചിട്ടത് മൂലം വ്യാപികള്‍ പ്രതിസന്ധിയിലായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ എല്ലാ ദിവസവും തുറക്കാത്തത് കാരണം തുറക്കുന്ന ദിവസം വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നു. ഇത് കൊവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നത് തടസമാകും. വ്യാപാരികളുമായി ആലോചിക്കാതെയാണ് നിലവില നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ ദിവസവും തുറന്നാല്‍ ആള്‍ക്കൂട്ടം വരുന്നത് ഒഴിവാക്കാമെന്നും വ്യാപാരികള്‍ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ഇളവ് നല്‍കുന്ന വിഷയത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.