ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്റെ സഹായി യുകെയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായി

ന്യൂഡൽഹി . ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്റെ സഹായി യുകെയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ അറസ്റ്റിലായി. യുകെയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അമൃത്പാലിന്റെ സഹായി ഗുരീന്ദർ സിംഗിനെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പഞ്ചാബ് പോലീസ് ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗുരീന്ദർ സിംഗിനെതിരെ പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജലന്ധർ സ്വദേശിയായ ഗുരീന്ദർ സിംഗ് ആണ് അമൃത്പാലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.

രൂപ്‌നഗർ ജില്ലയിലെ ചംകൗർ സാഹിബ് നിവാസിയായ വരീന്ദർ സിംഗിനെ തട്ടിക്കൊണ്ടുപോയി മർദിച്ചുവെന്നാരോപിച്ച് സ്വയം പ്രഖ്യാപിത നേതാവായ അമൃത്പാൽ സിംഗിനും അയാളുടെ അനുയായികൾക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രതികളിൽ പ്രധാനിയായ അമൃത്പാലിന്റെ അനുയായി ലവ്പ്രീത് സിംഗ് തൂഫനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിറകെയാണ് അജ്നാലയിൽ പ്രതിഷേധം ആരംഭിച്ച അമൃത്പാലിന്റെ അനുയായികൾ പോലീസ് സ്റ്റേഷൻ ഉൾപ്പെടെ ആക്രമിച്ച് പ്രദേശത്തെ സമാധാന അന്തരീക്ഷം നശിപ്പിക്കുന്നത്. പോലീസ് സ്റ്റേഷൻ ആക്രമിച്ചതിന് പിന്നാലെ ഇവരുടെ ആയുധ ലൈസൻസ് റദ്ദാക്കാൻ ജില്ലാ ഭരണകൂടത്തിന് പോലീസ് ശുപാർശ നൽകിയിരുന്നു.