നമുക്ക് ഇപ്പോഴും പേടി പോലീസിനെയും നിയമങ്ങളെയും ഒക്കെയാണ് വൈറസിനെ അല്ല, കിഷോര്‍ സത്യ പറയുന്നു

കോവിഡ് ലോക്ക്ഡൗണും ഒക്കെ നിലവില്‍ വന്നതോടെ ഷൂട്ടിങ് എല്ലാം മുടങ്ങി വീട്ടില്‍ ഇരിക്കുകയാണ് താരങ്ങള്‍. എന്ന് ഷൂട്ടിങ് പുനരാരംഭിക്കുമെന്നോ എന്ന് കാര്യങ്ങള്‍ ശരിയാകുമെന്നോ മിനിസ്‌ക്രീന്‍ മേഖലയിലുള്ളവര്‍ക്ക് ഒരു വ്യക്തതയുമില്ല. ആള്‍ക്കാരുടെ അശ്രദ്ധ തന്നെയാണ് ഇത്തരം സാഹചര്യത്തിന് കാരണം എന്ന് പറയുകയാണ് കിഷോര്‍ സത്യ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കിഷോറിന്റെ പ്രതികരണം.

കിഷോറിന്റെ വാക്കുകള്‍ ഇങ്ങനെ, ‘നൂറു ദിവസത്തെ ലോക്ക്ഡൗണില്‍ നിന്ന് പോലും നമ്മള്‍ ഒന്നും പഠിച്ചില്ല. ലോക്ക്ഡൗണ്‍ ഇളവുകള്‍ എല്ലാം നമ്മള്‍ ദുരുപയോഗം ചെയ്തു. ഇപ്പോഴും യഥാര്‍ത്ഥ സാഹചര്യം നമ്മള്‍ മനസിലാക്കിയിട്ടില്ല. നമുക്ക് ഇപ്പോഴും പേടി പോലീസിനെയും നിയമങ്ങളെയും ഒക്കെയാണ് വൈറസിനെ അല്ല. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സമയത്തും പുറത്തിറങ്ങാന്‍ കാരണങ്ങള്‍ തിരയുകയായിരുന്നു നമ്മള്‍. ഒരു കാര്യം മനസിലാക്കണം, ഈ വൈറസിനെ തോല്‍പ്പിക്കുക എന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തം അല്ല നമ്മുടെ കൂടെ ഉത്തരവാദിത്തം ആണ്. മരണ നിരക്ക് ഉയരുമ്പോഴും നമ്മള്‍ മൂക്കിന് താഴെയാണ് മാസ്‌ക് ധരിക്കുന്നതും കടകളില്‍ കൂട്ടം കൂടി നില്‍ക്കുന്നതും,’ കിഷോര്‍ പറയുന്നു. ഈ സാഹചര്യം മാറുവാന്‍ വാക്‌സിനേഷന്‍ മാത്രമാണ് ഒരു വഴി, എന്നാല്‍ ഇത്രയും ജനസംഖ്യയുള്ള രാജ്യത്തു എല്ലാവരിലേക്കും അത് എത്തിക്കുക എന്നത് കഠിനമായ ഒരു പ്രക്രിയയാണ്.

‘കോവിഡിനൊപ്പം നമ്മള്‍ ജീവിക്കാന്‍ പഠിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ രണ്ടാം തരംഗം, ഇനി എത്രയെണ്ണം ഉണ്ടാകും എന്ന് ആര്‍ക്കും അറിയില്ല. ഈ അവസരത്തിലെങ്കിലും നമ്മള്‍ ഉത്തരവാദിത്തത്തോടെ പെരുമാറി തുടങ്ങണം. നമ്മയുടെ ചിന്തയും, കാഴ്ചപ്പാടും ജീവിത രീതിയും മാറ്റണം എങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തോല്‍പ്പിക്കാന്‍ കഴിയു,’ എന്നും കിഷോര്‍. സീരിയല്‍ ഷൂട്ടിങ്ങുകള്‍ പുനരാംഭിക്കുന്നതിനെപറ്റി സംസാരിക്കവെ ഉടനെ തന്നെ അത് സംബന്ധിച്ചു ഒരു അനുകൂല മറുപടി പ്രതീക്ഷിക്കാം്.

‘ഇപ്പോഴത്തെ അവസ്ഥ നമുക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. ടെലിവിഷന്‍ പ്രവര്‍ത്തകരെ പ്രതിനിധീകരിച്ചുകൊണ്ട് സര്‍ക്കാരിന് ഒരു അപേക്ഷ ഞങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സാഹചര്യം മെല്ലെ ശരിയാകുമ്പോള്‍ ഒരു പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്,’ കിഷോര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ മറ്റുള്ളവരെപ്പോലെ തന്നെ ടെലിവിഷന്‍ പ്രവര്‍ത്തകരും വലിയ പ്രതിസന്ധിയിലാണ്. ആദ്യത്തെ തരംഗത്തിന് ശേഷം മെല്ലെ പഴയ രീതിയിലേക്ക് തിരിച്ചു വരുകയായിരുന്നു ടെലിവിഷന്‍ രംഗം. സിനിമ സീരിയല്‍ രംഗം എന്ന് ഒന്നിച്ചു പറഞ്ഞാലും രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്, സാമ്പത്തികത്തിന്റെ കാര്യത്തില്‍. ജോലിയില്ലാതെ മാസങ്ങള്‍ തള്ളിനീക്കാന്‍ കഴിയുന്ന അവസ്ഥയിലൊന്നും അല്ല മിക്ക താരങ്ങളും. ഈ സാഹചര്യം മനസ്സില്‍ കണ്ടുകൊണ്ട് മറ്റു പ്ലാനുകള്‍ മനസ്സില്‍ കാണുന്നതാണ് നല്ലതെന്നാണ് തോന്നുന്നത്.’