സിപിഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചതെന്ന് കെകെ ശൈലജ

തിരുവനന്തപുരം. മാഗ്‌സസെ അവാര്‍ഡിനായി പരിഗണിക്കുന്നകാര്യം കമ്മിറ്റി അറിയിച്ചിരുന്നുവെന്ന് കെകെ ശൈലജ. പരിശോധിച്ചപ്പോള്‍ ഈ പുരസ്‌ക്കാരം രാഷ്ട്രീയ നേതാക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മസ്സിലായി. തുടര്‍ന്ന് സിപിഎമ്മിന്റെ കേന്ദ്രകമ്മറ്റി അംഗം എന്ന നിലയില്‍ കേന്ദ്ര കമ്മിറ്റിയുമായി ചര്‍ച്ച ചെയ്താണ് പുരസ്‌ക്കാരം നിരസിക്കുകയായിരുന്നെന്ന് കെകെ ശൈലജ പറഞ്ഞു. പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കുവാന്‍ കഴിയില്ലെന്ന് കമ്മിറ്റിയെ അറിയിച്ചതായും അവര്‍ പറയുന്നു.

ഒരു പാര്‍ട്ടിയുടെ അംഗം എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുടെ കമ്മിറ്റികളില്‍ ആലോചിച്ചാണ് തീരുമാനിക്കുന്നതെന്നും ശൈലജ വ്യക്തമാക്കി. കേരളത്തിന്റെ ആരോഗ്യ രംഗത്ത് ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തില്‍ കോവിഡ്, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളും ലോകംമുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണെന്നും അത്തരം കാര്യങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതായി കമ്മിറ്റി അറിയിച്ചതെന്നും കെകെ ശൈലജ പറഞ്ഞു.

കെകെ ശൈലജയ്ക്ക് പുരസ്‌കാരം ലഭിച്ചിട്ടും അത് സ്വീകരിക്കുന്നതില്‍ നിന്ന് ശൈലജയെ സിപിഎം വിലക്കിയിരുന്നു. സംസ്ഥാനത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് നിപയെയും കോവിഡിനെയും സംസ്ഥാനം പ്രതിരോധിച്ചതെന്നും. ആരോഗ്യമന്ത്രി എന്ന നിലയില്‍ സിപിഎം ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ ചെയ്തതെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. വ്യക്തിഗത ശേഷിയുടെ പേരില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ല. കമ്മ്യൂണിസ്റ്റ് ഗറില്ലകള്‍ക്കെതിരെ പ്രവര്‍ത്തിച്ച വ്യക്തിയുടെ പേരിലുള്ള അവാര്‍ഡ് വാങ്ങുന്നത് ശരിയല്ലെന്നും സിപിഎം കേന്ദ്രനേതൃത്വം നിലപാടെടുത്തു.